ഷാര്‍ജ: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന് ഫൈനലില്‍. അഫ്ഗാന് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന് മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കേ ഫസല്‍ഹഖ് ഫറൂഖിയെ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ സിക്സറിന് പറത്തിയ യുവതാരം നസീം ഷായാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ പാകിസ്താന് ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് അവരുടെ എതിരാളികള്‍.