എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ, കാമുകൻ പിടിയിൽ

ഹരലഹള്ളി സ്വദേശി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി.ജിയിലായിരുന്നു താമസം. ഓഗസ്റ്റ് 29-നാണ് അപൂര്‍വയും കാമുകനായ ഹിങ്കല്‍ സ്വദേശി ആഷിക്കും (26) ഹോട്ടലില്‍ മുറിയെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്.

അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ പരസ്പരം കാണരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കാരണം അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.