പൗരത്വ നിയമ ഭേദഗതി: സുപ്രീംകോടതി തിങ്കളാഴ്ച ഹർജികൾ പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.നിയമഭേദഗതിക്കെതിരായ 200 ലധികം ഹര്‍ജികളാണ് കോടതി തിങ്കളാഴ്ച പരിഗണിക്കുക.

മുസ്ലിം ലീഗ്, ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളും ഇതിലുള്‍പ്പെടുന്നു. കേസില്‍ 2019 ല്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ദീര്‍ഘകാലമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല.

അതേസമയം പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച്‌ തിങ്കളാഴ്ച കോടതി നിലപാട് വ്യക്തമാക്കിയേക്കും.

നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവും, ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ് സൂട്ട് ഫയല്‍ ചെയ്തത്. നിയമം ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.