കല്ലമ്പലം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇന്നും നാളയും ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻറർ മുതൽ പദയാത്രയായി കണിയാപുരം, മംഗലാപുരം, ആറ്റിങ്ങൽ, ആലംകോട്, കല്ലമ്പലം, നാവായിക്കുളം സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം എത്തുന്നതുവരെ കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയാണ് ഗതാഗത നിയന്ത്രണം.
ജാഥ കടന്നുവരുന്ന അവസരത്തിൽ എതിരെയും പുറകുവശത്തുനിന്നും യാതൊരു വാഹനങ്ങളും അനുവദിക്കില്ല.കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളിയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാരിപ്പള്ളി കാട്ടുപുതുശ്ശേരി പള്ളിക്കൽ കിളിമാനൂർ വഴി എം സി റോഡിൽ എത്തി വെഞ്ഞാറമൂട് വെമ്പായം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്. അതുപോലെ തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ ചാക്ക ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഓൾ സൈൻസ് ജംഗ്ഷൻ വഴിയും, കളത്തൂർ ജംഗ്ഷനിൽ നിന്ന് തുമ്പ വഴിയും കഴക്കൂട്ടത്ത് നിന്നും മേനംകുളം വഴിയും, കണിയാപുരത്ത് നിന്നും പുത്തൻതോപ്പ് വഴിയും, മംഗലാപുരത്ത് നിന്നും മുരുക്കുംപുഴ ചിറയിൻകീഴ് വഴിയും, ആറ്റിങ്ങിൽ നിന്ന് പൂവൻപാറ മണനാക്ക് വഴിയും, തീരദേശ റോഡിൽ കയറി അഞ്ചുതെങ്ങ് വഴി വർക്കല പുത്തൻചന്തയിൽ എത്തി വർക്കല മൈതാനം കാപ്പിൽ പരവൂർ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്. ചൊവ്വാഴ്ച കല്ലമ്പലം മാവിൻമൂട് ജംഗ്ഷനിൽ നിന്ന് കല്ലമ്പലം ജംഗ്ഷനിലേക്കും, പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ നിന്ന് കല്ലമ്പലം ജംഗ്ഷനിലേക്കും, തട്ടുപാലത്തുനിന്ന് കല്ലമ്പലം ജംഗ്ഷനിലേക്കും, ചാത്തൻപാറ ജംഗ്ഷനിൽ നിന്ന് കല്ലമ്പലത്തേക്കും അത്യാവശ്യ എമർജൻസി വാഹനങ്ങൾ ഒഴിച്ച് ഒരു വാഹനങ്ങളെയും കടത്തിവിടില്ല.
ബുധനാഴ്ച കല്ലമ്പലം ജംഗ്ഷനിൽ നിന്നും, തട്ടുപാലം ഭാഗത്ത് നിന്നും ഇരുപത്തെട്ടാം മൈലിൽ നിന്നും കടമ്പാട്ടുകോണം ഭാഗത്തേക്ക് പോകുന്നതിന് വാഹനങ്ങളെ അനുവദിക്കില്ല. ഗതാഗത നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഗതാഗത നിയനിയന്ത്രണങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്കും സഹായത്തിനുമായി 9497940836, 9497987016 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.