അച്ഛനൊപ്പം സഞ്ചരിക്കവേ ബൈക്ക് കാനയിലേക്ക് മറിഞ്ഞു, ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മാവുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ എംകെ സുനിലിന്റെ മകള്‍ മേഘ (20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം അടിവാട് തെക്കേ കവലയിലായിരുന്നു അപകടം. സുനില്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ആലുവ രാജഗിരി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയാണ് മേഘ മരിച്ചത്.

പോത്താനിക്കാട് ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് സുനില്‍. പൈങ്ങോട്ടൂര്‍ ശ്രീ നാരായണ കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് മേഘ. കുവൈത്തിലായിരുന്ന അമ്മ ഷൈജ വിവരമറിഞ്ഞ് നാട്ടിലെത്തി. സഹോദരി: സ്നേഹ. സംസ്‌കാരം പോത്താനിക്കാട് തൃക്കേപ്പടിയിലുള്ള തറവാട്ട് വീട്ടില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം.