പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു, രണ്ടുപേർക്കായി തിരച്ചിൽ

മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണ്. 

ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റിൽ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്ബയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.