വീണ്ടും ഇന്ധനചോർച്ച, ആര്‍ട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി

വാഷിംഗ്ടൺ:നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് വണ്ണിന്റെ വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് ദൗത്യം വീണ്ടും മാറ്റിയത്.പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് നാസ അറിയിച്ചു. നേരത്തെ ഓ​ഗസ്റ്റ് 29നായിരുന്നു ആദ്യ ദൗത്യം തീരുമാനിച്ചിരുന്നത്. അന്നും സമാന സാഹചര്യത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

ഫ്യുവല്‍ ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് വിക്ഷേപണം ആദ്യം മാറ്റേണ്ടി വന്നത്. സമാന സാഹചര്യം തന്നെയാണ് ഇത്തവണയെന്നും പരിഹരിക്കാന്‍ സാധിച്ചില്ലെന്നും നാസ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച വിക്ഷേപണത്തിനുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നു. ഇതിനിടയില്‍ ഫ്യുവല്‍ ലൈനില്‍ പൊട്ടലും കണ്ടെത്തി. തുടര്‍ന്ന് വിക്ഷേപണം മാറ്റി വെക്കുകയാണുണ്ടായത്.

മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകള്‍ ആണ് ആര്‍ട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടണ്‍ ഭാരമുള്ള റോക്കറ്റില്‍ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂള്‍ ഉള്ളില്‍ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാന്‍ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതല്‍ 14 ദിവസത്തിനുള്ളില്‍ ചന്ദ്രനില്‍ ഈ റോക്കറ്റ് എത്തും.