തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം:  പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിക്കായി തെരച്ചിൽ തുടരുന്നു. മല വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമക്ക് ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിയ്ക്കായാണ് തെരച്ചിൽ നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റിലേക്ക് കുളിക്കാനിറങ്ങിയത് . പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്.മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവര്‍ത്തകര്‍ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.