വീട്ടിൽ നിന്ന് പൂച്ചയുടെ കടിയേറ്റ് വാക്സിനെടുക്കാൻ ആശുപത്രിയിലെത്തിയ യുവതിക്ക് നായയുടെ കടിയേറ്റു. വിഴിഞ്ഞം സ്വദേശിനിയായ അപർണയ്ക്കാണ് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നായയുടെ കടിയേറ്റത്.
വർഷങ്ങളായി ഇവിടെ കഴിയുന്ന നായയാണ് കടിച്ചത്. വാക്സിനെടുക്കാനായി പോകുന്നതിനിടെ വാർഡിന് അടുത്ത് കിടക്കുകയായിരുന്ന നായയുടെ വാലിൽ അപർണ അറിയാതെ ചവിട്ടി. അപർണയ്ക്ക് കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നായ കടിച്ചതിനുള്ള ചികിത്സ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇല്ലാത്തതിനാൽ അപർണ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വർഷങ്ങളായി ആശുപത്രിയിൽ കഴിയുന്ന നായയാണെന്നും ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഇവിടെയുള്ളവർ പറയുന്നത്. പക്ഷെ നായയ്ക്ക് വാക്സിനെടുത്തിരുന്നില്ല. പുറത്ത് പോയി തിരിച്ച് വീണ്ടും ആശുപത്രിയിലെത്തുന്ന നായയായതിനാൽ തന്നെ കടിയേറ്റ യുവതിയെ നിരീക്ഷിച്ച് വരികയാണ്. എങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.