മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാകും സംസ്ഥാനം ഇന്ന് സ്വീകരിക്കുക. സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും അംഗീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യയും സുപ്രിം കോടതിയോട് അഭ്യർത്ഥിക്കും. അടിയന്തര ജാമ്യം നൽകണമെന്നതടക്കമാകും മണിച്ചന്റെ ഭാര്യയുടെ അഭിഭാഷക ആവശ്യപ്പെടുക. മണിച്ചന്റെ ഭാര്യ ഇക്കാര്യത്തിലെ നിലപാട് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് എത്തുക. ണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചൻ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.മണിച്ചൻ്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി മെയ് മാസം 20 ന് നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചിരുന്നു.20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ജയിൽ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. ഈ തീരുമാനപ്രകാരം ആണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്.2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചൻറെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.