കല്ലമ്പലം : കല്ലമ്പലം-വർക്കല റോഡിൽ അനധികൃത കച്ചവടം വർധിച്ചത് റോഡിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പ്രധാനമായും മീൻ കച്ചവടക്കാരാണ് റോഡിന്റെ ഇരുവശങ്ങളും കൈയേറിയിരിക്കുന്നത്. ഇതിനു പുറമേ പച്ചക്കറി, പഴങ്ങൾ, ചെരുപ്പ്, തുണികൾ എന്നിവ വിൽപ്പന നടത്തുന്നവരുമുണ്ട്. റോഡ് കൈയേറി പഴം, പച്ചക്കറി വിൽപ്പനയും തകൃതിയായി നടക്കുന്നു. ചേന്നൻകോട് ജങ്ഷനു സമീപം റോഡിനോടു തൊട്ടുചേർന്ന് തട്ടുകൾ നിരത്തി ഉണക്കമത്സ്യ വിൽപ്പനയുമുണ്ട്.ചേന്നൻകോടും ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപവും ഇത്തരം കടകളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന ചില കടകളിലെ മാലിന്യം മുഴുവൻ റോഡരികിൽ നിക്ഷേപിക്കുന്നതും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നതും ഈ ഭാഗത്തു പതിവാണ്. റോഡരികിലെ കാഴ്ചമറയ്ക്കുന്ന അനധികൃത ബോർഡുകൾ ഇപ്പോഴും ഈ ഭാഗങ്ങളിൽ കാണാം. ഇതെല്ലാം അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനൊപ്പം വലിയ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു