പൊന്തക്കാട്ടില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ, കണ്ടെത്തിയത് ആക്രി പെറുക്കാനെത്തിയവർ

ആലപ്പുഴയിൽ പൊന്തക്കാട്ടില്‍ നവജാതശിശുവിനെ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷനു സമീപമാണ് സംഭവം.ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തുമ്പോളി വികസന ജംഗ്ഷനു സമീപമാണ്, ജനിച്ചിട്ട് അധിക സമയമാകാത്ത പിഞ്ചുകുഞ്ഞിനെ കണ്ടെത്തുന്നത്. ശരീരത്തില്‍ രക്തത്തിന്റെ അംശമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്തെ കാടുപിടിച്ച പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും വിളിച്ചുവരുത്തി.

തുടര്‍ന്ന് നാട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ, രക്തസ്രാവത്തെത്തുടര്‍ന്ന് ഒരു യുവതിയെയും ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ യുവതി കുഞ്ഞിന്റെ അമ്മയാണോയെന്ന് അന്വേഷിക്കുന്നുണ്ട്.