ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. എങ്ങനെ സംഭവിച്ചു എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നും സൂചനയുണ്ട്. എന്നാല്‍, ബോട്ടുകള്‍ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപത്തുനിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്. രാവിലെ കടലില്‍ പോയിമടങ്ങി വരുമ്പോഴാണ് സംഭവം. പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ലഭിച്ചത്. എന്നാല്‍ നാവിക സേന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മുന്നറിയിപ്പില്ലാതെയാണ് നേവി പരിശീലനം നടത്തിയതെങ്കില്‍ ഗുരുതരമായ തെറ്റാണെന്ന് ചാള്‍സ് ജോര്‍ജ് പറഞ്ഞു.