'സഹപാഠി, അയല്‍വാസി, എന്നിട്ടും കല്യാണം ക്ഷണിച്ചില്ല'; വീടുകയറി ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ
September 30, 2022
ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ മുളകുപാറയിലാണ് സംഭവം. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകർത്തു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ആക്രമിച്ചു. മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മർദ്ദനമേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഉടുമ്പൻചോല എസ്എച്ച്ഒ അബ്ദുൽ ഖനി, എഎസ്ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാക്കു തർക്കത്തെത്തുടർന്നു യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മറ്റ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് തെയ്തു. സഹോദരങ്ങളായ അടിമാലി കരിങ്കുളം കുന്നും പുറത്ത് ലെയ്സ് (32), ലിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.30 നു കാംകോ ജംക്‌ഷനിൽ മനക്കേകുടി ഷെഫീക്കിനെയാണ് ഇവർ ആക്രമിച്ചത്. ഷെഫീഖിന് ഒപ്പ ഉണ്ടായിരുന്ന ചിലർക്കും പരുക്കേറ്റിരുന്നു. ഷെഫീക്ക് നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.