ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം എംപി അടൂർ പ്രകാശ് നിർവ്വഹിച്ചു

നഗരസഭയുടെ 13 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം എംപി. അടൂർ പ്രകാശ് നിർവ്വഹിച്ചു. കൂടാതെ നഗരപരിധിയിലെ അതി ദരിദ്രർക്കുള്ള ഓണകിറ്റിന്റെ വിതരണോദ്ഘാടനവും ഇല്യൂമിനേഷൻ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മവും  എംഎൽഎ ഒ.എസ്.അംബികയും നിർവ്വഹിച്ചു. അതിദരിദ്രം പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തിയ സർവ്വെയിലൂടെ കണ്ടെത്തിയ 76 പേർക്കാണ് ഓണക്കിറ്റ് കൈമാറിയത്. 1250 രൂപ ചിലവിട്ട് 18 ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിറഞ്ഞതായിരുന്നു ഒരോ കിറ്റും. ഒരു പക്ഷേ സംസ്ഥാനത്ത് തന്നെ ഈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ആദ്യമായി ഓണകിറ്റ് നൽകിയതും ആറ്റിങ്ങലായിരിക്കും. ഇല്യൂമിനേഷൻ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നടത്തിയതിനു ശേഷം എംഎൽഎ ഒഎസ്. അംബികയും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയും പട്ടണത്തിൽ കളർ ലൈറ്റുകളാൽ ഒരുക്കിയ വർണ്ണവിസ്മയം നേരിൽ കണ്ട് വിലയിരുത്തി. കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി കലാഭവൻ മണി സേവാസമിതി അവതരിപ്പിച്ച നാടൻ പാട്ടും അസ്വാദകർക്ക് ഏറെ ഹരം പകർന്നു നൽകി.

നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള സ്വാഗതവും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, എസ്. ഷീജ, ഗിരിജ ടീച്ചർ, എ.നജാം, സെക്രട്ടറി ഇൻചാർജ് ഷീബ, കൗൺസിലർമാരായ മുരളീധരൻ നായർ, ദീപാറാണി, പൊതു പ്രവർത്തകരായ കെ.എസ്.ബാബു, കോരാണി സനൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, വ്യാപാരി സുഹൃത്തുക്കൾ, കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.