മഴയിൽ മുങ്ങി ‘മൂന്നാറോണം’; ബുക്ക് ചെയ്തിരുന്ന മുറികൾ ഭൂരിഭാഗവും റദ്ദാക്കി

മൂന്നാർ • കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും വീണ്ടും മൂന്നാറിലെ ഓണ സീസണ് തിരിച്ചടിയാകുന്നു. ഓണക്കാലത്തേക്കായി വിനോദ സഞ്ചാരികൾ മുൻകൂറായി ബുക്ക് ചെയ്തിരുന്ന മുറികൾ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കി. ഓണാവധിയോടനുബന്ധിച്ചുള്ള 10 ദിവസങ്ങളിൽ മൂന്നാർ, വട്ടവട, പള്ളി വാസൽ തുടങ്ങിയ മേഖലകളിലെ ഭൂരിഭാഗം റിസോർട്ടുകളിലും മുഴുവൻ മുറികളും സഞ്ചാരികൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്തിരുന്നു.മുൻകൂർ ബുക്കിങ് ലഭിച്ചതോടെ മിക്ക റിസോർട്ടുകളിലും ഓണസദ്യ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഒരാഴ്ചയായി മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതു മൂലം ഭൂരിഭാഗം സഞ്ചാരികളും മുൻകൂർ ബുക്കിംഗുകളും കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും മലയാളികളുമായിരുന്നു മുറികൾ ബുക്ക് ചെയ്തിരുന്നത്.മുൻകൂർ ബുക്കിങ്ങുകൾ റദ്ദായതോടെ ടൂറിസം മാത്രം ആശ്രയിച്ച് കഴിയുന്ന വ്യാപാരികളടക്കം വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം മൂന്നാറിലെ ടൂറിസം രംഗം അനക്കം വച്ചു വരുന്നതിനിടയിലാണ് ഓണക്കാലത്ത് പ്രതികൂല കാലാവസ്ഥ തിരിച്ചടിയായിരിക്കുന്നത്.