തമിഴ് നാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് കല്യാണാലോചന

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര കേരളത്തില്‍ എത്തിയിരിക്കുന്നു. യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന കൂടിക്കാഴ്ചകളും കണ്ടുമുട്ടുന്ന സാധാരണക്കാരേയും പാര്‍ട്ടി നേതാവ് ജയറാം രമേശ് ട്വിറ്ററിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കാറുണ്ട് . അത്തരത്തിലൊരു കാഴ്ചയാണ് തമിഴ് നാട്ടില്‍ നിന്ന് അദ്ദേഹം പുതിയതായി പോസ്റ്റു ചെയ്തിരിക്കുന്നത് 

ഭാരത് ജോഡോ യാത്രയില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി എംപി തമിഴ്നാട്ടിലെ വനിതാ എംജിഎന്‍ആര്‍ഇജിഎ പ്രവര്‍ത്തകരുമായി സംവദിക്കുന്ന ചിത്രങ്ങളാണിവ. രസകരമായ സംഭാഷങ്ങള്‍ക്കിടെ ഒരു സ്ത്രീ രാഹുലിന്റെ വിവാഹത്തെക്കുറിച്ച് നേരിട്ടു ചോദിച്ചു. രാഹുല്‍ ഗാന്ധി തമിഴ്നാടിനെ സ്നേഹിക്കുന്നുണ്ടെന്ന് തനിക്ക് അറിയാം, അതുകൊണ്ട് അദ്ദേഹം തയ്യാറാണെങ്കില്‍ തമിഴ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കാന്‍ തയ്യാറാണെന്നും അവര്‍ നേരിട്ടു പറഞ്ഞതായാണ് ജയറാം രമേശ് തന്റെ പോസ്റ്റിലൂടെ  പറയുന്നത്. സ്ത്രീകള്‍ ഇക്കാര്യം സംസാരിച്ചത് രാഹുല്‍ തമാശയായി എടുത്തതായും ജയറാം രമേശ് പറഞ്ഞു. ചിത്രങ്ങള്‍ പങ്കുവെക്കുകയും, ‘ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസം ഒരു ഉല്ലാസകരമായ നിമിഷം’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങള്‍ കടന്നു പോകുന്ന പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയില്‍ ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. കശ്മീരിലാണ് യാത്ര സമാപിക്കുക. യാത്ര നടത്തുന്നത് കേവലം രാഷ്ട്രീയ നിലപാടല്ലെന്നും വ്യക്തിപരമായ യാത്രയാണെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. യാത്രയിലൂടെ  മനോഹരമായ രാജ്യത്തെ കുറിച്ച് സ്വയം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നതായി  കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ”രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം, ഞാന്‍ കൂടുതല്‍ അറിവുള്ളയാളായി മാറുമെന്ന് കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡലപത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഒട്ടേറെത്തവണ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയിട്ടുള്ള രാഹുൽ, ഇതുവരെ രാജീവ് ഗാന്ധി സ്മാരകത്തിൽ സന്ദർശനം നടത്തിയിരുന്നില്ല. ഇപ്പോൾ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഇവിടെ അഞ്ജലിയർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു..

12 സംസ്ഥാനങ്ങളിലൂടെ തുടരുന്ന യാത്ര 3,500 കിലോമീറ്റര്‍ ദൂരം പിന്നിടും. ഏകദേശം 150 ദിവസമെടുത്ത് യാത്ര കശ്മീരില്‍ സമാപിക്കും. 2024ലെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള കോൺഗ്രസിന്റെ തന്ത്രമായാണ് അഞ്ചുമാസം നീണ്ട യാത്രയെ കാണുന്നത്