നെടുമങ്ങാട്: സ്കൂട്ടറില്‍ പോകവേ, നടുറോഡില്‍ ചവിട്ടി വീഴ്ത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ യുവതി ഹെല്‍മറ്റുകൊണ്ട് അടിച്ച് തുരത്തി.
നെടുമങ്ങാട്ടെ വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണിക്ക് കൊടുത്ത ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ സ്കൂട്ടറില്‍ പോയ പരുത്തിക്കുഴി സ്വദേശി സ്വാതിയെ (28) ബൈക്കില്‍ വന്ന രണ്ടുപേരാണ് ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഉഴമലയ്ക്കല്‍ നല്ലിക്കുഴി - പരുത്തിക്കുഴി റോഡിലാണ് സംഭവം.
മോഷ്ടാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്‌കൂട്ടറിനോട് ബൈക്ക് അടുപ്പിച്ച് ആര്യനാടേക്കുള്ള വഴി ചോദിച്ചു. കയറ്റം കയറുകയായിരുന്നതിനാല്‍ സ്‌കൂട്ടറിന് വേഗം കുറവായിരുന്നു. വഴി പറഞ്ഞുകൊടുക്കവേ, ബൈക്കിന് പിന്നിലിരുന്നയാള്‍ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി. യുവതി സ്കൂട്ടറുമായി വള്ളിപ്പടര്‍പ്പിലേക്ക് വീണു. ബൈക്ക് തിരിച്ച് അടുത്തേക്ക് വരുംമുൻപ് യുവതി എഴുന്നേറ്റ് നിലത്തുവീണ ഹെല്‍മറ്റ് എടുത്തു. മാല പൊട്ടിക്കാന്‍ നീട്ടിയ കൈയില്‍ ശക്തമായി പ്രഹരിച്ചു. അടിയേറ്റതോടെ ബെക്കില്‍ പാഞ്ഞുപോയെങ്കിലും യുവതി സ്കൂട്ടറില്‍ പിന്തുടര്‍ന്നു. പക്ഷേ, കണ്ടെത്താനായില്ല. മൂന്നു പവന്റെ താലിമാലയാണ് യുവതി ധരിച്ചിരുന്നത്.
കവര്‍ച്ചാ സംഘം സംഭവത്തിന് മുന്‍പ് പലവട്ടം ഈ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊലീസ് തിരിച്ചറിഞ്ഞു. നമ്ബര്‍ പ്ളേറ്റില്‍ കടലാസ് ഒട്ടിച്ചു മറച്ച പള്‍സര്‍ ബൈക്കിലാണ് എത്തിയത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചതിന് പുറമെ, മുഖം മറച്ച് തൂവാല കെട്ടിയിരുന്നു. വലിയമല പൊലീസ് കേസെടുത്തു