തിരുവനന്തപുരം• വിതുരയിൽ വിനോദസഞ്ചാരികളുടെ കാർ ഒഴുക്കിൽപ്പെട്ടു. കല്ലാറിൽനിന്ന് മീൻമുട്ടിയിലേക്കുപോയ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്നുപേർ വെള്ളം പൊങ്ങുന്നതു കണ്ട് കാറിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഈ ഭാഗത്തെ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കാറിലേക്കു വെള്ളം കയറുന്നതു കണ്ട യാത്രക്കാർ കാറിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. യാത്രക്കാർ പുറത്തിറങ്ങി മിനുട്ടുകൾക്കുള്ളിൽ കാർ തോട്ടിലേക്കു ഒലിച്ചുപോയി. തോട്ടിലെ പാറയിൽ കുടുങ്ങിയ കാറിനെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ബ്രൈമൂർ, പൊൻമുടി ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ട്. ഉച്ചയ്ക്കുശേഷമാണ് കാലാവസ്ഥയിൽ പെട്ടെന്നു മാറ്റമുണ്ടായത്. പൊൻമുടിക്കടുത്ത് മങ്കയം വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ ഇന്നലെ മരിച്ചിരുന്നു. ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.