അതിർത്തി കടന്നത് വാഹനത്തിൽ; ഗൂഡല്ലൂരിന്റെ പ്രശ്നങ്ങൾ ചർച്ചയായി
രാവിലെ ഒൻപതേ കാലോടെയാണ് രാഹുൽ ഗാന്ധി എംപി മലപ്പുറം ചുങ്കത്തറയിൽ നിന്നു അതിർത്തി ചെക്പോസ്റ്റിലെത്തിയത്. മന്ത്രി കെ. രാമചന്ദ്രനും തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളും ചേർന്നു രാഹുലിനെ സ്വീകരിച്ചു. സംസ്ഥാന അതിർത്തിയിലെ വനമേഖലകളിൽ പദയാത്രയ്ക്കു സുരക്ഷാ ഭീഷണിയുള്ളതിനാൽ വാഹനത്തിലാണു രാഹുൽ ഗാന്ധിയും മറ്റു ഭാരത് യാത്രികരും തമിഴ്നാട്ടിലേക്കു പ്രവേശിച്ചത്.കോഴിപ്പാലത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർത്തിയിട്ട കണ്ടെയ്നറിൽ വൈകിട്ട് 3 വരെ രാഹുൽ വിശ്രമിച്ചു. തുടർന്ന് ടാൻ ടീയിലെ തൊഴിലാളി പ്രതിനിധികളുമായും ചെറുകിട തേയിലത്തോട്ടം ഉടമകളുമായും രാഹുൽ ഗാന്ധി സംവദിച്ചു. ഗൂഡല്ലൂർ ജന്മംഭൂമിയിലെ കർഷകപ്രശ്നവും പ്രതിനിധികൾ രാഹുൽ ഗാന്ധിയുടെ മുൻപിൽ അവതരിപ്പിച്ചു. സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിയതിനാലും തിരക്ക് നിയന്ത്രണാതീതമായതിനാലും ചെമ്പാല യത്തീംഖാന, നന്തട്ടിയിലെ പുരാതന ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം നടന്നില്ല.കോയമ്പത്തൂർ, ഈറോഡ്, സേലം, വയനാട് എന്നിവിടങ്ങളിൽനിന്നെല്ലാം കോൺഗ്രസ് പ്രവർത്തകർ ഗൂഡല്ലൂരിലെത്തിയിരുന്നു. 4.45ന് പദയാത്ര ആരംഭിച്ചു. മോണിങ് സ്റ്റാർ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ട കണ്ടെയ്നറുകളിലാണ് ഇന്നലെ രാത്രിയിൽ രാഹുലും കൂട്ടരും അന്തിയുറങ്ങിയത്.പ്രസംഗത്തിലുടനീളം ഗൂഡല്ലൂരിനെ വാനോളം പുകഴ്ത്തി രാഹുൽ ഗാന്ധി എംപി. ‘എന്റെ സഹോദരി പ്രിയങ്കയ്ക്ക് ഷിംലയിൽ ഒരു വീടുണ്ട്. എന്റെ വീടിരിക്കുന്ന സ്ഥലം എത്ര സുന്ദരമാണെന്ന് അവൾ എപ്പോഴും എന്നോടു പറയും. എന്നാൽ, ഇന്നു ഞാൻ സഹോദരിയോടു പറഞ്ഞു; ഗൂഡല്ലൂർ ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്’- രാഹുലിന്റെ വാക്കുകൾ. ആദ്യമായാണ് ഗൂഡല്ലൂരിൽ രാഹുൽ ഗാന്ധിയോ നെഹ്റു കുടുംബത്തിലെ ഏതെങ്കിലും അംഗമോ എത്തുന്നത്. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയായ ഗൂഡല്ലൂർ ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു രാഹുൽ പറഞ്ഞു.ബിജെപി ഭരണത്തിനു കീഴിൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിച്ചതായി കോൺഗ്രസ് വക്താവ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുകയും ചെയ്തു. സംസ്ഥാനങ്ങളുമായുള്ള ബന്ധം പൂർണമായി തകർന്നു. എല്ലാത്തരത്തിലും രാജ്യത്തെ വിഭജിക്കുകയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ തെറ്റിക്കുന്നു.രാജ്യത്തിന്റെ ചരിത്രം സംഘപരിവാറിന് അനുകൂലമായി മാറ്റിയെഴുതുന്നു. നോട്ടുനിരോധനവും തെറ്റായി നടപ്പിലാക്കിയ ജിഎസ്ടിയും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറാൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.