സംസ്ഥാനത്തെ തെരുവ് നായ പ്രതിരോധത്തിന് നാലംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും പ്രശ്ന പരിഹാരങ്ങള്‍. തദ്ദേശ റവന്യു മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത ജില്ലാകളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്‌കരണത്തിന് വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം നിവ്വഹിക്കുക. മാലിന്യം നീക്കാന്‍ സമിതി കര്‍ശന നടപടിയെടുക്കണം. ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം ജില്ലാ അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ക്കണം.ജില്ലാ ഭരണകൂടം ഇത് ഏകോപിപ്പിക്കണം. ക്ലീന്‍ കേരളാ കമ്പനി വഴി മാലിന്യം സംസ്‌ക്കരിക്കും. തെരുവുനായ പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും പറഞ്ഞു.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാക്സിനേഷന്‍ ഡ്രൈവ്, എ.ബി.സി പ്രോഗ്രാം, മാലിന്യ സംസ്‌കരണം അടക്കമുള്ള പ്രശ്നങ്ങളില്‍ നാലംഗ സമിതി അടിയന്തര പരിഹാരം കണ്ടെത്തണം. ഒരോ ആഴ്ചയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമെ എം.എല്‍.മാരുടെ നേതൃത്വത്തില്‍ മണ്ഡല തലത്തിലും യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.