സ്ത്രീ പീഡനക്കേസിൽ കർഷക സംഘം നേതാവും കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായ ഹരിഹരൻ പിള്ളക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

കല്ലമ്പലം  : സഹപ്രവര്‍ത്തകയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കര്‍ഷകസംഘം സംസ്ഥാന നേതാവായ അധ്യാപകനെതിരായ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം കിളിമാനൂര്‍ ഏരിയാകമ്മിറ്റിയംഗം കൂടിയായ ഹരിഹരന്‍പിള്ളയ്ക്കെതിരായ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യപകന്‍ കൂടിയായ ഹരിഹരന്‍ പിള്ള സഹപ്രവര്‍ത്തകയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കേസിലാണ്  കോടതി നിര്‍ദേശത്തെ തുടര്‍ന്നു  കല്ലമ്ബലം പൊലീസ് കേസെടുത്ത് ആറ്റിങ്ങല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപാമാനിക്കുന്ന വിധം ഉപദ്രവിച്ചെന്നും, ശാരിരിക ,മാനസിക പീഡനത്തിനുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ എന്‍എസ്‌എസ് ഇന്‍സ്ട്രക്ടറായ വനിത  പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിരുന്നില്ല. പൊലീസ് ആസ്ഥാനത്തും ഇവര്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല.

ഇതേതുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കല്ലമ്പലം  പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 354 എ,509, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം . വനിതയുടെ മൊഴി കോടതിയും രേഖപ്പെടുത്തി. ഹരിഹരന്‍പിള്ള നിലവില്‍ അധ്യാപകനും കര്‍ഷകസംഘം സംസ്ഥാന സമിതിയംഗവും, സിപിഎം കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമാണ്.