സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രകളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം, ഉദയാ നഗർ 87ൽ വിഷ്ണു(29), മുഖത്തല അമ്മ വീട്ടിൽ സുധീഷ്(26), ആശ്രാമം ഉദയാ നഗർ 71ൽ ജിതിൻ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.കൊല്ലം പായിക്കടയിൽ കച്ചവടം നടത്തുന്ന വിജയ് ശങ്കറിന്റെ കടയിൽ എത്തിയ പ്രതികൾ സാധനം വാങ്ങിയ ശേഷം പണം നൽകാനില്ലാത്തതിനാൽ കാർഡ് ഉപയോഗിച്ച് പണം നൽകാമെന്ന് അറിയിച്ചു. എന്നാൽ കടയിൽ കാർഡ് ഉപയോ
ഗിച്ച് പണം അടക്കാൻ ആവശ്യമായ സ്വൈപ്പിങ് മെഷീൻ ഇല്ലെന്ന് കട ഉടമ അറിയിച്ചെങ്കിലും പ്രതികൾ പണം നൽകാൻ തയ്യാറായില്ല.ഇതിനെ തുടർന്ന് കടയുടമയും പ്രതികളും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതികൾ ഉടമയേയും മറ്റ് സ്റ്റാഫ് അംഗങ്ങളേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വിജയ് ശങ്കറിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസാണ് മൂന്നു പേരെയും പിടികൂടിയത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.