'തലൈവി'യുടെ ജീവനെടുത്തതു തോഴിയോ...? ജയയുടെ മരണത്തിൽ ഉരുളുക ആരുടെ തല!

തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രി; കരുത്തുറ്റ നേതാവ് ജെ.ജയലളിത മരിച്ചത് അകാലത്തിലാണെന്നു വിശ്വസിക്കുന്നവരും ഇനിയും ജയ മരിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട് തമിഴ്നാട്ടിൽ. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, 2016-ഡിസംബർ അഞ്ചിനു രാത്രി പതിനൊന്നരയോടെ അപ്പോളോ ആശുപത്രിയിൽ ജയലളിത എന്നന്നേക്കുമായി കണ്ണുകളടച്ചു. പക്ഷേ, 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 ഓഗസ്റ്റിലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ നിയോഗിച്ചത്. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. അഞ്ചു വർഷത്തോളം നീണ്ട അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കി ജസ്റ്റിസ് ആറുമുഖസ്വാമി 608 പേജുകളുള്ള റിപ്പോർട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറി. ജയലളിത എങ്ങനെയാണു മരിച്ചതെന്ന് ഈ ലോകത്തെ ഞങ്ങൾ അറിയിക്കും എന്നു പ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ സ്റ്റാലിനു മുന്നിലെത്തിയ റിപ്പോർട്ടിലുണ്ടായിരുന്നതിൽ പല കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു. അവ ഇപ്പോൾ ലോകത്തിനു മുന്നിലേക്കു പരസ്യമാക്കാനൊരുങ്ങുകയാണ് തമിഴ്നാട് തലൈവർ. പക്ഷേ, റിപ്പോർട്ടിന്റെ ആദ്യ സൂചനകൾ പുറത്തു വന്നപ്പോൾ തന്നെ തമിഴകമാകെ ഞെട്ടി. വില്ലൻമാരുടെ സ്ഥാനത്ത് അപ്രതീക്ഷിതമെന്നോണം എത്തിയവരിൽ ഒരാൾ ജയയുടെ നിഴലായിരുന്ന തോഴി വി.കെ.ശശികലയായിരുന്നു. ജയലളിതയുടെ പാർട്ടിയായ അണ്ണാഡിഎംകെയുടെ അന്നത്തെ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കർ, തമിഴ്‌നാട് മുന്നണി ചീഫ് സെക്രട്ടറി രാംമോഹൻ റാവു എന്നിവർക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്ത് താനീ റിപ്പോർട്ട് വയ്ക്കുമെന്നു കട്ടായം പറഞ്ഞിരിക്കുകയാണു സ്റ്റാലിൻ. തീപാറിക്കുന്ന പോരിനു കളമൊരുങ്ങുകയാണു തമിഴകത്ത്.2017ൽ രൂപീകരിച്ച കമ്മിഷന്റെ കാലാവധി വിവിധ കാരണങ്ങളാൽ 14 തവണ നീട്ടി നൽകിയിരുന്നു. ഒ.പനീർസെൽവം, വി.കെ.ശശിലകലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷനു മുന്നിൽ വിസ്തരിച്ചത്. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷനു മുന്നിൽ ഹാജരായില്ല. ശശികലയെ വിളിച്ചു വരുത്താൻ കമ്മിഷനു സാധിക്കുമെങ്കിലും അതു വേണ്ടെന്നു വച്ചതായും പകരം സത്യവാങ്മൂലം എഴുതി വാങ്ങിയതായും ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. എന്നാൽ, ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം റിപ്പോർട്ടിലുണ്ടെന്നും റിപ്പോർട്ട് പുറത്തു വിടണോ വേണ്ടയോ എന്നതു സർക്കാരിന്റെ തീരുമാനമാണെന്നും അറുമുഖസ്വാമി പറഞ്ഞു.ജയയുടേത് ഒരു വിചിത്രവും അപൂർവവുമായ അവസ്ഥയായിരുന്നെന്നും അവരെ പരിപാലിക്കാൻ സ്വന്തക്കാരായി ആരും ഉണ്ടായിരുന്നില്ലെന്നും അറുമുഖസ്വാമി പറഞ്ഞതും ആർക്കോ എതിരെയുള്ള സൂചിമുനകളായി. റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്തതിനു പിന്നാലെ മൂവർക്കുമെതിരെ അന്വേഷണം നടത്താനായി നിയമോപദേശം തേടിയിരിക്കുകയാണു തമിഴ്നാട്. ജയലളിതയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളിൽ സംസാരിക്കുന്ന ശശികല എന്തുകൊണ്ട് ആറുമുഖസാമി കമ്മിഷനിൽ അന്വേഷണത്തിന് ഹാജരായില്ലെന്ന് അണ്ണാഡിഎംകെ മുൻ മന്ത്രി ജയകുമാർ ചോദിച്ചതിനു പിന്നാലെയാണ് ശശികലയ്ക്കെതിരെ അന്വേഷണത്തിന്റെ ആയുധം ഒരുങ്ങുന്നത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വി.കെ.ശശികലയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സംബന്ധിച്ച രേഖകൾ ബെംഗളൂരു ജയിലിൽ കഴിയവേ ശശികലയ്ക്കു ലഭ്യമാക്കിയിരുന്നു. ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷന്റെ അനുമതിയോടെയായിരുന്നു ഇത്. കമ്മിഷനു മുന്നിൽ മൊഴിനൽകിയവരെ ക്രോസ് വിസ്താരം ചെയ്യാൻ ശശികലയുടെ അഭിഭാഷകനെയും അനുവദിച്ചു. മൊഴികൾ പരിശോധിച്ച് ശശികലയുടെ മറുപടി ലഭിക്കുന്നതിനായി, കമ്മിഷനിലെ വിസ്താരമുൾപ്പെടെയുള്ള നടപടികൾ 15 ദിവസത്തേക്കു നിർത്തിവച്ചിരുന്നു.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആറുമുഖ സാമി കമ്മിഷൻ നേരത്തേ വി.കെ.ശശികലയ്ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അറിയാതെ ഹാജരാകാനില്ലെന്നു ശശികല അഭിഭാഷകൻ മുഖേന കമ്മിഷനെ അറിയിച്ചു. ഇതു പരിഗണിച്ചാണു രേഖകൾ സ്പീഡ് പോസ്റ്റ് വഴി ബെംഗളൂരു ജയിലിലേക്ക് അയയ്ക്കാൻ കമ്മിഷൻ ഉത്തരവിട്ടത്. രേഖകൾ ലഭിച്ച് ഒരാഴ്ചക്കകം ശശികല മറുപടി നൽകണമെന്നായിരുന്നു. കമ്മിഷനു മുന്നിൽ ശശികലയ്ക്കെതിരെ മൊഴിനൽകിയവരെ ക്രോസ് വിസ്താരം ചെയ്യാൻ അവരുടെ അഭിഭാഷകനെ അനുവദിക്കും.
ശശികലയുടെ ബന്ധുവും ജയലളിതയുടെ പഴ്സനൽ ഡോക്ടറുമായിരുന്ന ഡോ.ശിവകുമാർ, ഡോ.ബാലാജി, ജയയുടെ പഴ്സനൽ സെക്രട്ടറിയായിരുന്ന പുങ്കുണ്ട്രൻ എന്നിവരുടെ മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. ഇവരുടെ മൊഴിയെടുക്കൽ പൂർത്തിയായതിനു ശേഷം ആവശ്യമെങ്കിൽ ക്രോസ് വിസ്താരത്തിനു ശശികലയുടെ അഭിഭാഷകന് അനുമതി നൽകാമെന്നും കമ്മിഷൻ അറിയിച്ചിരുന്നു. എന്നാ‍ൽ, ശശികലയുടെ അഭിഭാഷകനല്ലാതെ അവർ ഇതു വരെ കമ്മിഷനു മുന്നിലെത്തിയില്ല.മന്നാർഗുഡി കുടുംബത്തെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജയലളിതയുടെ മരണം വീണ്ടും ചർച്ചയാക്കാൻ അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗം നീക്കം നടത്തിയിരുന്നു. വി.കെ.ശശികല അമിത അളവിൽ സ്റ്റിറോയ്ഡുകൾ നൽകിയതാണു ജയലളിതയുടെ മരണത്തിനു കാരണമെന്ന മുൻ മന്ത്രി സി.പൊന്നയ്യന്റെ ആരോപണം ഇതിന്റെ ഭാഗമായിരുന്നു. കാഞ്ചീപുരത്ത് പാർട്ടി പരിപാടിയിലെ പ്രസംഗത്തിനിടെയാണു പൊന്നയ്യൻ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിനിടെ, മരണവുമായി ബന്ധപ്പെട്ട അറിയുന്ന വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷൻ പൊന്നയ്യനു നോട്ടിസ് അയച്ചു.സർക്കാർ നിയോഗിച്ച കമ്മിഷന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെ ജയയുടെ മരണം സംബന്ധിച്ച് പരസ്യ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നാണ് അണ്ണാഡിഎംകെയുടെ പരസ്യ നിലപാട്. എന്നാൽ, ജയലളിതയുടെ മരണത്തിനു പിന്നാലെ ആർകെ നഗറിൽ ദിനകരൻ നേടിയ വിജയം മന്നാർഗുഡി കുടുംബത്തിനെതിരായ വിമർശനം ശക്തമാക്കാൻ ഔദ്യോഗിക വിഭാഗത്തെ നിർബന്ധിതരാക്കി. ഇതിന് ഏറ്റവും യോജിച്ച ആയുധം ജയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയാണെന്ന് ഔദ്യോഗിക വിഭാഗത്തിനറിയാം. പുതിയ പ്രസ്താവനകളുമായി നേതാക്കൾ വിഷയം സജീവമാക്കി നിർത്തുന്നതിനുള്ള കാരണവും മറ്റൊന്നല്ല. എട്ടു മാസത്തോളം തുടർച്ചയായി ശശികല ജയലളിതയ്ക്കു സ്റ്റിറോയ്ഡുകൾ നൽകിയെന്നും ഇതു രക്ത സമ്മർദം ഉയരാൻ കാരണമായെന്നുമാണു പൊന്നയ്യന്റെ ആരോപണം. ഇക്കാര്യം കൂടി കമ്മിഷന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണണമെന്നായിരുന്നു ആവശ്യം.
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മരണം സംഭവിക്കുന്നതുവരെ അവരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട് ഗവർണറെ പോലും, ആശുപത്രിയിലെത്തി ജയലളിതയെ സന്ദർശിക്കാൻ അനുവദിച്ചില്ല. ഇതെല്ലാം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വർധിപ്പിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ സംശയാസ്പദമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി മദ്രാസ് ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനാൽ ഇത്തരം ഹർജികൾ അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇതു തള്ളി. മരണത്തിൽ സംശയമുന്നയിച്ച് ജയലളിതയുടെ അടുത്ത ബന്ധുക്കളാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണ കമ്മിഷനെ സമീപിക്കാനും കോടതി നിർദേശിച്ചിരുന്നു.ജയയുടെ മരണത്തിൽ ആദ്യം സംശയം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട വ്യക്തിയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ അണ്ണാഡിഎംകെ നേതാവ് ഒ.പനീർസെൽവം. എന്നാൽ, കമ്മിഷൻ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ പനീർസെൽവം ഒളിച്ചു കളിച്ചു. ജയലളിതയുടെ മരണത്തിൽ തനിക്കു സംശയങ്ങളൊന്നുമില്ലെന്നും ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾ മാത്രമാണു താൻ ഉന്നയിച്ചതെന്നും കമ്മിഷനോട് പനീർസെൽവം പറഞ്ഞു. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാനായി കമ്മിഷനെ നിയോഗിച്ചത് പനീർസെൽവത്തിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു.വി.കെ.ശശികല അടക്കമുള്ളവർക്ക് ജയയുടെ മരണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പനീർസെൽവം ആ കാര്യവും പക്ഷേ കമ്മിഷനു മുന്നിൽ വിഴുങ്ങി. മുൻപത്തെ പോലെ ശശികലയോടു സ്നേഹവും ബഹുമാനവും തനിക്കുണ്ടെന്നും ഒപിഎസ് പറഞ്ഞു. കമ്മിഷൻ ചോദിച്ച 72 ചോദ്യങ്ങളിൽ മിക്കതിലും ‘എനിക്കറിയില്ല’ എന്നായിരുന്നു ഒപിഎസിന്റെ മറുപടി. ഒടുവിൽ വി.കെ.ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്‌തത് ഒപിഎസിനു തിരിച്ചടിയായി. ശശികലയെ മുൻനിർത്തി പാർട്ടിയെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ പൊളിയുന്നത്.
അപ്പോളോ ആശുപത്രിയിൽ 75 ദിവസം ചികിൽസയിലിരുന്ന ജയലളിതയുടെ ആശുപത്രി ബിൽ 6.86 കോടി രൂപയായിരുന്നു.ഇതിൽ 44 ലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനു നൽകിയ രേഖകളിൽ ആരോപിച്ചിരുന്നു. ചികിൽസാ വേളയിൽ ജയലളിതയുടെ ഭക്ഷണത്തിനായി 1.17 കോടി ചെലവായെന്നും രേഖയിലുണ്ട്. ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ നിയമമന്ത്രി സി.വി.ഷൺമുഖം രംഗത്തെത്തിയിരുന്നു. മുറി വാടക ഇനത്തിൽ അടച്ച 1.24 കോടി രൂപ ശശികലയും കുടുംബവും താമസിച്ച മുറിയുടെ വാടകയാണെന്നും ആരോപണം ഉയർന്നു.സ്വന്തം കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച ‘അക്കയുടെ’ മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടാനുള്ള ഒരുക്കം വി.കെ.ശശികല ആരംഭിച്ചതായാണു വിവരങ്ങൾ. ഇതിനു മുന്നോടിയായി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വിശദമായി പഠിക്കും. തുടർന്നായിരിക്കും നിയമപോരാട്ടം ആരംഭിക്കുക. തന്നെ തമിഴകത്തിനു മുന്നിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം തകർക്കുന്നതിലുപരി ജയലളിതയുടെ മരണത്തിന്റെ ഉത്തരവാദി എന്ന കറ കഴുകിക്കളഞ്ഞ് അഗ്നിശുദ്ധി വരുത്തുകയാണു ശശികലയുടെ ലക്ഷ്യം. എന്നാൽ, സത്യം പുറത്തു കൊണ്ടുവന്നു കുറ്റക്കാരെ അഴിക്കുള്ളിലാക്കി തമിഴ് ജനതയുടെ വിശ്വാസവും പിന്തുണയും ഊട്ടിയുറപ്പിക്കുകയാണ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംെക ലക്ഷ്യമിടുന്നത്. പാർട്ടിയുടെ ആത്മാവായിരുന്ന തലൈവിയുടെ തലയെടുത്തവർ ഒപ്പമുണ്ടായിരുന്നവർ തന്നെയെന്നു തെളിഞ്ഞാൽ അതു തമിഴകം ക്ഷമിച്ചെന്നു വരില്ല.