ആഴിമല കടലിൽ കണ്ടെത്തിയത് മുതലപ്പൊഴിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം

വിഴിഞ്ഞം ആഴിമല കടലിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായ മുഹമ്മദ് ഉസ്മാന്റെതെന്ന് (20) ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം തിരു. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ പനത്തുറ കടലിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ( Muthalapozhy accident; The body of the student was found ).തിരുവനന്തപുരം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ക്രെയിനുകളുപയോഗിച്ച് പുലിമുട്ടിന് സമീപം കുരുങ്ങിക്കിടക്കുന്ന ബോട്ടും വലയും വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികൾ വലയ്ക്കുള്ളിൽ കുടുങ്ങിപോയതാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കടലിലെ അടിയൊഴുക്കും കാറ്റും രക്ഷപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.തിങ്കളാഴ്ച്ച ഉച്ചയോടെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തിൽ ബോട്ടുടമയുടെ വിദ്യാർഥികളായ രണ്ട് മക്കളടക്കം മൂന്ന് പേരെയാണ് കാണാതായത്. രണ്ട് പേർ അപകടത്തിൽ മരിച്ചിരുന്നു. ബോട്ടിന്റെ ഉടമയായ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കൾ മുഹമ്മദ് ഉസ്മാൻ(20), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ് (50) എന്നിവരെയാണ് കാണാതായത്. ഇതിൽ മുഹമ്മദ് ഉസ്മാന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്.ബോട്ടിൽ ഉണ്ടായിരുന്നത് ആകെ 23 മത്സ്യത്തൊഴിലാളികളാണ്. ഇതിൽ രണ്ട് പേർ മരിച്ചിരുന്നു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. മുതലപ്പൊഴിയിൽ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ഈ മാസം അഞ്ചിന് ഉച്ചയോടെ അപകടത്തിൽ പെടുന്നത്.