ഓണാഘോഷത്തിൽ പങ്കാളികളാകുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിലും അണിചേരാം. തിരുവനന്തപുരം കനകക്കുന്നിലെ ഓണം ട്രേഡ് ഫെയർ വേദിയിൽ എത്തുന്നവർക്ക് വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ കനകക്കുന്നിൽ സജ്ജീകരിച്ചിട്ടുള്ള പവലിയനിൽ എത്തി വോട്ടർ ഐ ഡിയുമായി ആധാർ ബന്ധിപ്പിക്കാവുന്നതാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പവലിയൻ പ്രവർത്തിക്കുക. ഓണം വാരാഘോഷം സമാപിക്കുന്ന ഈ മാസം 12 വരെ പവലിയൻ പ്രവർത്തിക്കും. വോട്ടർ പട്ടികയുടെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കണമെന്ന നിർദേശം നൽകിയത്.