വീടിന് മുന്നിൽ ബഹളം വച്ചത് ചോദ്യം ചെയ്തു; ഗുണ്ട ഫാൻ്റ്ം പൈലിയുടെ വെട്ടേറ്റ് വയോധികൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വർക്കലയിൽ വയോധികനെ വെട്ടിപ്പരിക്കേൽപിച്ചു. കൂരയ്ക്കണ്ണി ആമിന മൻസിലിൽ  ഹാഷിമിനെയാണ് വീടിന് മുന്നിലിട്ട് വെട്ടിയത്. രാത്രി 9 മണിയോടെയാണ് സംഭവം.  നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ  ഫാൻ്റം പൈലി എന്ന് വിളിക്കുന്ന ഷാജിയാണ് ഹാഷിമിനെ വെട്ടി പരിക്കേൽപ്പിച്ചത് എന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിനു മുന്നിൽ ബഹളം വച്ചത് ചോദ്യംചെയ്തതിൽ  ക്ഷുഭിതനായിയാണ് ഷാജി വാൾ ഉപയോഗിച്ച്  ഹാഷിമിനെ മാരകമായി വെട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം.