രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം.

ദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തിയത്. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നവോത്ഥാനത്തിൻ്റെ നിമിഷമാണെന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിച്ചു. ഈ യാത്ര കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു. ..
 അഖിലേന്ത്യാ പദയാത്രയിൽ രാഹുൽഗാന്ധിയും സംഘവും താമസിക്കുക കണ്ടെയ്നറുകളിൽ . ഭക്ഷണവും ക്രമീകരിക്കുന്നത് ഇവയിൽത്തന്നെ. 60 കണ്ടെയ്നറുകൾ സജ്ഞമാക്കി കോൺഗ്രസ് . രാജ്യത്തുടനീളം 3500 കിലോമീറ്റർ ഭാരത് ജോഡോ യാത്രക്കാണ് കോൺഗ്രസ്സ് ഒരുങ്ങുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെയാണു രാഹുലിന്റെ യാത്ര. സുരക്ഷാ കാരണങ്ങളാൽ രാഹുൽഗാന്ധി ഒരു കണ്ടെയ്നറിൽ താമസിക്കും. മറ്റുള്ളവർ കണ്ടെയ്നറുകൾ പങ്കിടും. ചില കണ്ടെയ്നറുകളിൽ കിടക്ക, ശൗചാലയം , എയർ കണ്ടിഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ടെയ്നറുകൾ എല്ലാ ദിവസവും എത്തുന്നയിടത്തെ മൈതാനങ്ങളിൽ പാർക്ക് ചെയ്യും. ഹോട്ടലിൽ താമസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിരം യാത്രികരായ എല്ലാവർക്കുമൊപ്പം ലളിത സൗകര്യങ്ങൾ മതിയെന്നും രാഹുൽഗാന്ധി പാർട്ടിയെ അറിയിച്ചിരുന്നു. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ .