കൊച്ചി : ആത്മവിശ്വാസവും ഇച്ഛാശക്തിയുമായിരുന്നു കൈമുതൽ. കഠിനാധ്വാനം ചെയ്യാനും പ്രതിസന്ധികളോടു പടവെട്ടി മുന്നോട്ടുപോകാനുമുള്ള മനസ്സ് കരുത്തും. അറുപതാണ്ടായി രാജ്യം കാണുന്ന വിമാനവാഹിനി എന്ന സ്വപ്നം. വിമാനവാഹിനിക്കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിനു മുൻ മാതൃകകളില്ലാത്തതിനാൽ സ്വന്തം വഴി വെട്ടിത്തെളിച്ചായിരുന്നു മുന്നോട്ടുള്ള യാത്ര. ആ സ്വപ്നം പൂർത്തിയായി സ്വന്തം കപ്പൽ രാജ്യത്തിനു സമർപ്പിക്കപ്പെടുമ്പോൾ പുതുചരിത്രം പിറക്കുകയാണ്. നാവികസേനയുടെയും കൊച്ചിൻ ഷിപ്‌യാഡിന്റെയും ഹൃദയരക്തവും വിയർപ്പും കൊണ്ട് എഴുതപ്പെട്ട ചരിത്രം. കപ്പൽശാലയുടെ വാർഫിൽ ഇന്നു തലയെടുപ്പോടെ നങ്കൂരമിട്ടു കിടക്കുന്ന, രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി– ഐഎൻഎസ് വിക്രാന്ത്.
വാണിജ്യക്കപ്പലുകൾ മാത്രമാണു കൊച്ചിൻ ഷിപ്‌യാഡ് നിർമ്മിച്ചിരുന്നത്. ചരക്കുകപ്പലുകളും ടാങ്കറുകളും ഓഫ്ഷോർ യാനങ്ങളും ഡ്രജറുകളുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നെങ്കിലും യുദ്ധക്കപ്പലുകൾ ആ പട്ടികയിലെങ്ങും ഉണ്ടായിരുന്നില്ല. എന്നിട്ടും രാജ്യം ആദ്യമായി വിമാനവാഹിനി നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ നിർമ്മാണക്കരാർ കൊച്ചി കപ്പൽശാലയെ തേടിയെത്തിയതിനും കൃത്യമായ കാരണമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകൾ അന്നു കൊച്ചി കപ്പൽശാലയിലായിരുന്നു. ഇന്ത്യയുടെ മുൻ വിമാനവാഹിനി ഐഎൻഎസ് വിരാട് 1991 മുതൽ വിവിധ വർഷങ്ങളിലായി 13 തവണ അറ്റകുറ്റപ്പണി നടത്തിയത് ഇതേ കപ്പൽശാലയിലായിരുന്നു.ഷിപ്പ് ഡിസൈൻ ബ്യൂറോയിലെ കപ്പൽ രൂപകൽപനാ വിദഗ്ധർ കോറിയിട്ട രേഖാചിത്രങ്ങളിൽ നിന്ന് ഉരുക്കിൽ തീർത്ത പടുകൂറ്റൻ വിമാനവാഹിനിയിലേക്കുള്ള ഐഎൻഎസ് വിക്രാന്തിന്റെ പരിണാമഘട്ടം പ്രതിസന്ധികളുടേതായിരുന്നു. അടിക്കടി ഡിസൈൻ വ്യതിയാനങ്ങളും സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾക്കനുസൃതമായ മാറ്റങ്ങളുമെല്ലാം വെല്ലുവിളിയായി. യുദ്ധക്കപ്പൽ നിർമ്മിക്കാൻ ആവശ്യമായ സ്പെഷലൈസ്ഡ് സ്റ്റീൽ ആയിരുന്നു മറ്റൊരു വെല്ലുവിളി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി മുടങ്ങിയതോടെ ഇതു സ്വന്തമായി ഉൽപാദിപ്പിക്കുക എന്ന ദൗത്യം ഡിആർഡിഒയും സെയിലും ഏറ്റെടുത്തു. ഈ സ്റ്റീൽ വെൽഡ് ചെയ്യാനുള്ള ഉയർന്ന നിലവാരത്തിലുള്ള ഇലക്ട്രോഡുകൾ മിശ്രധാതു നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചു. ഇത് ഉപയോഗിക്കുന്നതെങ്ങനെയെന്ന് 500 ജീവനക്കാർക്കു പരിശീലനം നൽകി.കപ്പലിന്റെ ബോഡി നിർമാണമാരംഭിച്ച ശേഷം എത്തിക്കുന്ന വലിയ ഉപകരണങ്ങൾ ഉള്ളിലെത്തിക്കുന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. എല്ലായ്പ്പോഴും ബോഡി മുറിച്ചുനീക്കിയ ശേഷം ഇവ ഉള്ളിൽ കടത്തേണ്ടി വന്നു. പ്രൊപ്പല്ലറിന്റെ 100 മീറ്റർ നീളമുള്ള ഷാഫ്റ്റ് ഉള്ളിൽക്കടത്താൻ പ്രത്യേകം ജിഗ് തന്നെ കപ്പൽശാല ജീവനക്കാർ നിർമ്മിച്ചെടുത്തു.
നിർമ്മാണം പൂർത്തിയാക്കിയ കപ്പൽ നീറ്റിലിറക്കുന്നതും വൻ പ്രതിസന്ധിയായിരുന്നു. കപ്പലിൽനിന്നു വിമാനങ്ങളെ പറന്നുയരാൻ സഹായിക്കുന്ന മുകളിലേക്കു വളഞ്ഞ മൂക്ക് (സ്കീ ജംപ്) കപ്പൽ വെള്ളത്തിലിറക്കിയിട്ട ശേഷം ഘടിപ്പിക്കാനായിരുന്നു പദ്ധതി.
300 ടണ്ണോളം ഭാരമുള്ള സ്കീ ജംപ് ഘടിപ്പിച്ചാൽ ഡോക്കിലെ വെള്ളത്തിൽ കപ്പൽ പൊങ്ങിക്കിടക്കില്ല എന്നതിനാലായിരുന്നു തീരുമാനം. എന്നാൽ ഒടുവിൽ സ്കീ ജംപ് ഘടിപ്പിച്ച ശേഷം മതി വെള്ളത്തിലിറക്കൽ എന്നായി തീരുമാനം. തദ്ദേശീയമായി നിർമ്മിച്ച ഫ്ലോട്ടിങ് പൊൻടൂൺസ് കപ്പലിന്റെ രണ്ടു വശത്തും ഘടിപ്പിച്ചു ഭാരമേറിയാലും ആഴം കുറഞ്ഞ വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ശേഷി ഉറപ്പുവരുത്തിയാണ് ഈ പ്രതിസന്ധി മറികടന്നത്. രാജ്യത്തു തന്നെ അപൂർവമായിരുന്നു ഇത്തരമൊരു കണ്ടെത്തൽ.പ്രതിസന്ധികളെ പുതിയ കണ്ടെത്തലുകളും വമ്പൻ അവസരങ്ങളുമാക്കി മാറ്റിയ ഈ മാതൃകയാണു കപ്പലിന്റെ നിർമ്മാണത്തിൽ ഉടനീളം കണ്ടെത്താനാകുകയെന്നു നിർമ്മാണത്തിനു ചുക്കാൻ പിടിച്ച സിഎസ്എൽ ഓപ്പറേഷൻസ് വിഭാഗം മുൻ ഡയറക്ടറും സിഎംഡിയുടെ ഉപദേശകനുമായിരുന്ന എൻ.വി.സുരേഷ് ബാബു പറയുന്നു.ആദ്യ സമുദ്ര പരീക്ഷണത്തിൽ തന്നെ പൂർണ്ണവേഗവും ശക്തിയും കൈവരിക്കാനായ വിമാനവാഹിനി എന്ന നേട്ടത്തിനർഹയായ ഏക യുദ്ധക്കപ്പൽ ഒരുപക്ഷേ വിക്രാന്താകും. മറ്റു ലോകരാജ്യങ്ങൾക്കൊന്നും അവകാശപ്പെടാനാകാത്ത നേട്ടമാണിതെന്നു നാവികസേനയിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.