വീടു നിർമ്മാണത്തിന് പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ഉടമയുടെ പക്കൽ നിന്നു കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പിടികൂടി. വെട്ടിക്കവല വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.സുമേഷാണ് 2000 രൂപയുമായി പിടിയിലായത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കരിക്കം സ്വദേശി വിക്ടറിന്റെ പക്കൽ നിന്നു പണം വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. വീട് നിർമ്മാണത്തിന് മണ്ണ് നീക്കം ചെയ്യാൻ വിക്ടറിന്റെ ഭാര്യ അപേക്ഷ നൽകിയിരുന്നു. സ്ഥല പരിശോധനാ റിപ്പോർട്ട് നൽകുന്നതിന് 10000 രൂപ കൈക്കൂലിയായി സുമേഷ് ആവശ്യപ്പെട്ടു.
അനുമതി പത്രം നൽകാൻ 2000 മുൻകൂർ നൽകണമെന്നായിരുന്നു വ്യവസ്ഥ. വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. വിജിലൻസ് നൽകിയ നോട്ടുകൾ സുമേഷിൽ നിന്നു കണ്ടെടുത്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി എ.അബ്ദുൽവഹാബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർമാരായ ബിജു, ജോഷി, അബ്ദുൽറഹ്മാൻ എന്നിവരും പങ്കെടുത്തു.