ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ കണ്ടെത്തി ; ആശുപത്രിയിൽ ചികിത്സ തേടിയ അതിഥിത്തൊഴിലാളി യുവതി തന്റെ കുഞ്ഞല്ലെന്ന നിലപാടിൽ

ആലപ്പുഴ : കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് തന്റെ കുഞ്ഞല്ലെന്ന നിലപാടിലുറച്ച് യുവതി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു, രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടേതാണെന്ന് ആശുപത്രി അധികൃതർ ഉറപ്പിച്ചു പറയുമ്പോഴും യുവതി നിഷേധിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. യുവതിയും കുട്ടിയും ചികിത്സയിൽ തുടരുകയാണ്. കുഞ്ഞിന്റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു. കഫക്കെട്ടുമുണ്ട്. ഇതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്.
തുമ്പോളി  പടിഞ്ഞാറ് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അതിഥിത്തൊഴിലാളിയായ യുവാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞിനെ കണ്ടത്. കുട്ടിയെ നാട്ടുകാരാണ് ആലപ്പുഴ വനിതാ– ശിശു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം താമസിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സ തേടിയെത്തി. യുവതി പ്രസവം കഴിഞ്ഞാണ് വന്നതെന്നും ലേബർ റൂമിൽ വച്ച് മറുപിള്ള നീക്കം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം, യുവതിയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ഥലം വരെ ഇവർക്ക് ഒറ്റയ്ക്ക് എത്താൻ കഴിയില്ലെന്നും മതിലിനു മുകളിലൂടെ മറ്റാരോ കുഞ്ഞിനെ വാങ്ങി കിടത്തിയതാണെന്നും നാട്ടുകാർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ശിശുക്ഷേമ സമിതി ചെയർപഴ്സൻ ജി.വസന്തകുമാരിയും സമിതി അംഗം കെ.നാസറും ബീച്ച് വനിത ശിശു ആശുപത്രിയിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി സമിതി ചെയർപഴ്സൻ അറിയിച്ചു. ശിശു പൂർണ്ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ച ശേഷം കുട്ടിയെ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചെയർപേഴ്സൻ പറഞ്ഞു.