കൊച്ചി : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമ (എസ്‌സി/എസ്ടി നിയമം) പ്രകാരമെടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതികൾക്കു മുൻപാകെ മാത്രമാണു നൽകേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലോ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യ ഹർജി നൽകാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.എസ്‌സി/എസ്ടി നിയമ പ്രകാരമെടുത്ത കേസുകളിൽ പ്രതികളായ കോഴിക്കോട് സ്വദേശി കെ.എം.ബഷീർ,പാലക്കാട് സ്വദേശി ബിനീഷ്, കുറവിലങ്ങാട് സ്വദേശി ഷൈനി സത്യൻ, ആലുവ സ്വദേശി എം.ദിനേശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്.
എസ്‌സി/എസ്ടി നിയമം 18ാം വകുപ്പ് പ്രകാരം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനു വിലക്കുണ്ട്. എന്നാൽ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കില്ലെങ്കിൽ വിലക്ക് ബാധകമല്ലെന്നു പൃഥ്വിരാജ് ചവാൻ കേസിൽ സുപ്രീം കോടതി വ്യക്തമാക്കി.
എന്നാൽ പ്രഥമ ദൃഷ്ട്യാ കേസില്ലെന്നത് എവിടെ ഉന്നയിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായി. പ്രത്യേക കോടതികൾ കൂടി രൂപീകരിക്കുകയും ചെയ്തതോടെ അവ്യക്തത കൂടി. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിഷയം പരിശോധിച്ചത്. അഡ്വ.കെ.കെ.ധീരേന്ദ്ര കൃഷ്ണനെ അമിക്കസ്ക്യൂറിയായും നിയമിച്ചു.
പ്രത്യേക കോടതികൾക്ക് സവിശേഷമായ അധികാരങ്ങൾ സ്കീം പ്രകാരം നൽകിയിട്ടുണ്ടെന്നും പാർലമെന്റിന്റെ ഈ ഉദ്ദേശ്യം അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഹൈക്കോടതിക്ക് അപ്പീൽ അധികാരമാണു നൽകിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ, എസ്‌സി/എസ്ടി നിയമപ്രകാരമുള്ള കുറ്റകൃത്യമാണെങ്കിൽ മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടോയെന്നു പരിഗണിക്കേണ്ടതില്ല. മറിച്ചാണെങ്കിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.