പുറത്തേക്ക്... ഏഷ്യാകപ്പിൽ ലങ്കയോട് തോറ്റ് ഇന്ത്യ

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റിന് ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. തോൽവിയോടെ ഇന്ത്യയുടെ ഏഷ്യാകപ്പ് ഫൈനൽ സാധ്യത മങ്ങി. ഓപ്പണർമാരായ നിസൻകയുടെയും കുശാൽ മെൻഡീസിന്റെയും പ്രകടനമാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. കുശാൽ 57 റൺസും നിസൻക 52 റൺസും എടുത്തു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ശനക നടത്തിയ വെടിക്കെട്ട് പ്രകടനവും ശ്രീലങ്കയുടെ വിജയത്തിന് കാരണമായി. ഇന്ത്യയ്ക്കായി ചഹൽ മൂന്നും അശ്വിൻ ഒരു വിക്കറ്റും നേടി.ആദ്യം ബാറ്റുചെയ്ത ഇന്ത്യ നായകൻ രോഹിത് ശർമ്മയുടെ അർധസെഞ്ച്വറിയുടെ ബലത്തിലായിരുന്നു 173 റൺസ് എടുത്തത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസ് നേടിയത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. സ്‌കോർബോർഡിൽ പതിനൊന്ന് റൺസ് എത്തിയപ്പോഴേക്ക് കെ.എൽ രാഹുലിനെ ശ്രീലങ്ക മടക്കി.