സംഘാടകര്‍ കാത്തിരുന്നിട്ടും സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്തിയില്ല; മാപ്പുപറഞ്ഞ് കെ സുധാകരന്‍

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. നെയ്യാറ്റിന്‍കരയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാതെ രാഹുല്‍ മടങ്ങിയതിലാണ് പ്രതിഷേധം. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് വിശദീകരിച്ചായിരുന്നു ഉദ്ഘാടനം ചെയ്യാതെ രാഹുല്‍ ഗാന്ധി മടങ്ങിയത്. സംഘാടകരോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞു. (protest against rahul gandhi for not attending the inauguration function in neyyattinkara)
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിച്ചത്. രാഹുല്‍ നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ ഗാന്ധിയന്മാരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.പാര്‍ട്ടിയുടെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് നേരെ ശശി തരൂരിന്റെ വിമര്‍ശനം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ ഇ മാമന്റേയും ബന്ധുക്കളടക്കമുള്ള വലിയ ജനക്കൂട്ടമാണ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്തിച്ചേരുന്നതിനായി കാത്തിരുന്നത്. ഉദ്ഘാടനത്തിനായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പിന്മാറ്റം