ദീർഘകാലങ്ങളായി കിടപ്പിലായതും മാറാരോഗങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും തെല്ലൊരു ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് വലിയകുന്ന് താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം രോഗിബന്ധു കുടുംബസംഗമം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ കിടപ്പ് രോഗികളും, പാലിയേറ്റീവ് പ്രവർത്തകരും, ആശാവർക്കർമാരും, ജനപതിനിധികളും ഉൾപ്പടെ 300 ഓളം പേർ കുടുംബസംഗമത്തിന്റെ ഭാഗമായി. രോഗികളുടെ വിവിധയിനം കലാ പരിപാടികളും, ആരോഗ്യ പ്രവർത്തകരുടെ തിരുവാതിരക്കളിയും, കൂടാതെ നഗരസഭാധ്യക്ഷയും ആശുപത്രി സൂപ്രണ്ടും ആലപിച്ച ഗാനങ്ങളും ചടങ്ങിന് ഭംഗിയേകി.
ഓണാഘോഷത്തോട് അനുബന്ധിച്ച് സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതത്തിൽ പരമാവധി ഉല്ലാസം നിറക്കുന്നതിന് ഈ കുടുംബസംഗമം കൊണ്ട് സാധിച്ചു. ചടങ്ങിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെറിബ്രൽ പാൽസി എന്ന രോഗം ബാധിച്ച 18കാരന് വീൽചെയർ ഓണസമ്മാനമായി നൽകി. നഴ്സിംഗ് ഓഫീസർ മഞ്ചുഷ തന്റെ ശമ്പളത്തിൽ നിന്ന് 2500 രൂപ വീതം നിർധരായ രണ്ട് രോഗികൾക്കും കൈമാറി. ആശുപത്രി അങ്കണത്തിൽ ഒരുക്കിയ ഓണസദ്യയോടൊപ്പം രോഗികൾക്ക് ഓണക്കോടിയും, ഓണകിറ്റും അധികൃതർ വിതരണം ചെയ്തു. 2013 ആഗസ്റ്റ് 7 ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ സേവനം ഇന്ന് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 292 രോഗികൾക്കാണ് സാന്ത്വനമേകുന്നത്.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, വാർഡ് കൗൺസിർ എം.താഹിർ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ, ജനപ്രതിനിധികൾ, ലയൺസ് ക്ലബ് ഭാരവാഹികളായ വിദ്യാധരൻ നായർ, രവീന്ദ്രൻ, പാലിയേറ്റീവ് ശിശ്രൂഷകരായ ശ്രുതി, അശ്വതി, അഖില, ഹെഡ് നഴ്സ് ലാലുസലീം, ലാബ് സൂപ്പർവൈസർ പ്രശാന്ത്, ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.