കിളിമാനൂർ :- കിളിമാനൂർ സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മലയാമഠം അരൂർ എൽപിഎസിന് സമീപം വിജി ഭവനിൽ ശിവൻപിള്ള (47) ആണ് ഇന്ന് രാവിലെ സ്വന്തം കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. കാറിന് സമീപം രക്തം തളംകെട്ടി നിൽക്കുന്നത് കണ്ട് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് ശിവൻപിള്ളയെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഉടൻ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ മരണപ്പെട്ട ശിവൻ പിള്ളയുടെ കാലിലെ നാഡി ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെടുകയുമായിരുന്നു. ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക വിവരം. പുതിയ വീട് വയ്ക്കുന്നതിനായി ശിവൻ പിള്ളയും കുടുംബവും താമസിച്ചിരുന്ന ആരൂർ എൽപിഎസിന് സമീപമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു. അവിടെയാണ് ശിവൻ പിള്ളയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഇപ്പോൾ വാടകവീട്ടിലാണ് താമസം. കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.