ആറ്റിങ്ങൽ : ഓണമെത്തിയതോടെ നഗരത്തിൽ തിരക്കേറി. നിരത്തുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായതോടെ നിയന്ത്രണങ്ങളുമായി പോലീസ് രംഗത്തെത്തി. നാലുവരിപ്പാത വന്നതോടെ ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് കുറവുണ്ടായെങ്കിലും ഓണത്തിരക്കേറിയതോടേ പഴയപടിയായി.
ആലംകോടുനിന്ന് ആറ്റിങ്ങലിലേക്കുള്ള പാതയിൽ ഇപ്പോൾ വാഹനങ്ങൾ ഏറെനേരം കുരുങ്ങിക്കിടക്കുകയാണ്. കച്ചേരിജങ്ഷൻ മുതൽ പൂവമ്പാറവരെയും ചില നേരങ്ങളിൽ അതിനുമപ്പുറത്തേക്കും വാഹനനിര നീളുന്നുണ്ട്. കച്ചേരിനടയിൽനിന്ന് മൂന്നുമുക്ക് വരെയുള്ള ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുൻവശം, കിഴക്കേനാലുമുക്ക്, കെ.എസ്.ആർ.ടി.സി. ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം കുരുക്കുണ്ടാകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ഓണവിപണി സജീവമായതോടെ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യവാഹനങ്ങളിൽ വരുന്നവർ സ്ഥാപനങ്ങളിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കുരുക്കിനിടയാക്കുന്നുണ്ട്. നാലുവരിപ്പാതയിൽ പല ഭാഗങ്ങളിലും ഇത്തരത്തിൽ വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നത് കാണാം.
ബി.ടി.എസ്. റോഡ്, പാലസ് റോഡ്, അയിലംറോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ആലംകോട് ജങ്ഷനിൽ എല്ലായ്‌പ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണാം. കൊല്ലത്തേക്കുള്ള പാതയിലാണ് എപ്പോഴും തിരക്ക്. പൂവമ്പാറവരെ വാഹനങ്ങൾ നിരന്ന് കിടക്കുന്നതാണിവിടത്തെ കാഴ്ച. കടയ്ക്കാവൂർ റോഡ് ദേശീയപാതയുമായി ചേരുന്നിടത്ത് സിഗ്നൽ പോയിന്റുണ്ട്. ഇവിടെനിന്നു മുന്നോട്ടുള്ള പാതയിൽ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതിനു പുറമേ സ്വകാര്യബസുകൾ യാത്രക്കാരെ കയറ്റാനായി ഈ ഭാഗത്ത് വാഹനം നിർത്തും. ഇതുനിമിത്തം സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ട്
വരും ദിവസങ്ങളിൽ തിരക്കേറും
തിരക്ക് നിയന്ത്രിക്കാനായി വ്യാഴാഴ്ച മുതൽ പോലീസ് ഉച്ചഭാഷിണിയിലൂടെ നിർദേശങ്ങൾ നല്കുന്നുണ്ട്. പ്രധാനപാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ പ്രധാന ജങ്ഷനുകളിൽ തിരക്കേറുന്ന സമയത്ത് പോലീസിന്റെ സേവനവുമുണ്ട്. എന്നാൽ, ആലംകോട് ജങ്ഷനിൽ പോലീസിന്റെ സേവനമില്ല. ജങ്ഷനിലെ അനധികൃതപാർക്കിങ്ങിനും ഗതാഗതക്കുരുക്കുള്ള സമയത്തുപോലും സ്റ്റോപ്പിൽനിന്ന് മാറി ബസുകൾ നിർത്തി ആളെക്കയറ്റുന്നതിനും യാതൊരു നിയന്ത്രണവുമില്ല. സ്കൂളുകൾകൂടി അടയ്ക്കുന്നതോടെ വരുംദിവസങ്ങളിൽ തിരക്ക് കൂടുമെന്ന് അധികൃതർ പറയുന്നു
അടുത്ത ദിവസം മുതൽ നഗരസഭയുടെ ഓണാഘോഷപരിപാടികൾക്കും തുടക്കമാകും. നാടകോത്സവവും വൈദ്യുതദീപാലങ്കാരവുമുൾപ്പെടെയുള്ള ആഘോഷം ആരംഭിക്കുന്നതോടെ ജനത്തിരക്ക് രൂക്ഷമാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. തിരക്കു നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.