മണിക്കൂറിൽ 314 കിലോമീറ്റർ വേഗതയിൽ തീവ്ര ചുഴലി വരുന്നു

ടോക്കിയോ: മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന തീവ്ര ചുഴലി രൂപപ്പെട്ടു.
ജപ്പാനെയും ചൈനയേയും ഫിലിപ്പീൻസിനേയും സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്ത് ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റാണിത്. കിഴക്കൻ ചൈനാ കടലിൽ ഇത്  ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത് 
ഹിന്നനോർ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറിൽ 257 കിലോമീറ്റർ മുതൽ 314 കിലോമീറ്റർ (160 മൈൽ മുതൽ 195 മൈൽ വരെ) വേഗം കൈവരിക്കാൻ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങൾ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഹിന്നനോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിൽ ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.