ചടയമംഗലം : പകൽ കറങ്ങി നടന്ന് ആളില്ലാത്ത ആഡംബര വീടുകൾ കണ്ടെത്തി മോഷണം നടത്തി വന്ന മോഷ്ടാവും സഹായിയും പിടിയിൽ. തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ വെടിവച്ചാംകോവിൽ അറപ്പുര വീട്ടിൽ രാജേഷ് (35), സഹായി തിരുവനന്തപുരം വെള്ളായണി ശാന്തിവിള പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന സുഭാഷ് (46) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം ജില്ലയിൽ പൂയപ്പള്ളി, ചാത്തന്നൂർ, തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്, കോവളം പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
നിലമേൽ കണ്ണങ്കോട്ട് വീട്ടിൽ കയറി കഴിഞ്ഞ ഒന്നിന് ഗൃഹനാഥനെയും മകനെയും ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച് മോഷണം നടത്തിയ കേസിലാണ് രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടുകളുടെ പരിസരത്തു നിന്നെടുക്കുന്ന കുന്താലി, മൺവെട്ടി എന്നിവ ഉപയോഗിച്ച് വീടുകളുടെ മുൻ വാതിൽ പൊളിച്ച് മോഷണം നടത്തുന്നതാണ് രാജേഷിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. രാത്രി പൊലീസ് പട്രോളിങ് ഉള്ളതിനാൽ പിടിക്കപെടാൻ സാദ്ധ്യത കൂടുതൽ ആണെന്നു മനസ്സിലാക്കിയാണ് പകൽ മോഷണം. മോഷണം നടത്തി കിട്ടുന്ന പണം ആർഭാട ജീവിതത്തിന് പുറമേ പെൺ സുഹൃത്തുക്കൾക്കും നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.2013ൽ പൂയപ്പള്ളിയിൽ ഇരുനില വീട് കുത്തിപ്പൊളിച്ച് 13 പവൻ സ്വർണ്ണം കവർന്നത് ഉൾപ്പെടെ 50 ലധികം മോഷണക്കേസുകളിൽ പ്രതിയായിരുന്നു രാജേഷ്. രാജേഷ് കൊണ്ടു വരുന്ന മോഷണ വസ്തുക്കൾ വിൽക്കാൻ സഹായിക്കുന്നത് സുഭാഷ് ആണെന്നു പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്ഐമാരായ എം.മോനിഷ്, പി.പ്രിയ, എം.മനോജ്, രാജേഷ്, എഎസ്ഐമാരായ ശ്രീകുമാർ, കൃഷ്ണ കുമാർ, സിപിഒമാരായ സനൽ, ബിനീഷ്, ജംഷിദ്, അജിത്, അനീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്