ഓണം 2022 : പൂരാടം പൂരാടം ഉണ്ണികള്‍ക്കായി ഒരു ദിനം; പൂരാടം ദിനത്തിന്റെ പ്രത്യേകതകള്‍

നന്‍മകളാല്‍ സമൃദ്ധമായൊരു സുവര്‍ണകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഓണവും. അത്തം തുടങ്ങി എട്ടാം നാള്‍, പൂരാടം നക്ഷത്ര ദിനമാണ്. ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം. ഇക്കൊല്ലത്തെ പൂരാടം നക്ഷത്ര ദിവസം 2022 സെപ്റ്റംബര്‍ 6-ാം തീയതി ചൊവ്വാഴ്ചയാണ് (ഇന്ന്) 

ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തരപ്പെടുത്തുന്ന തിരക്കിലാണ് പൂരാട ദിനത്തിൽ  മലയാളികള്‍ മുഴുകുക. ഒരുക്കങ്ങളെല്ലാം ഈ ദിനത്തോടെ പൂര്‍ത്തിയാക്കും. പറമ്പുകളിലെ വിളവെടുപ്പും പൂരാട നാളിലാണ്. വീടെല്ലാം വൃത്തിയാക്കി മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ മലയാളക്കര ഒരുങ്ങുന്നതും പൂരാട ദിനത്തില്‍ തന്നെ. ഈ ദിനത്തില്‍, പൂരാടം ഉണ്ണികളെന്ന പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്.

പൂക്കളത്തില്‍ മണ്‍ചിരാതുകള്‍ തെളിയിക്കുന്നതും പൂരാടം നാളിലാണ്. പൂരാടം ദിനത്തില്‍ പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവ ഉപയോഗിച്ചും മലയാളി പൂക്കളം തീര്‍ക്കുന്നു. കൂടുതല്‍ മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളമായിരിക്കും പൂരാട ദിവസം ഒരുക്കുന്നത്.

ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ മണ്ണിലുണ്ടാക്കി വയ്ക്കുന്നത് ഈ ദിവസമാണ്. ഓണത്തപ്പനെന്നാണ് ഈ സ്തൂപ രൂപങ്ങളെ വിളിക്കുന്നത്. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളില്‍ ഇത്. വീട്ടുപടിയ്ക്കലും ഇതുപോലെ അണിഞ്ഞ് മണ്‍രൂപം വയ്ക്കും. മണ്ണു കൊണ്ട് മാവേലിയെയും വാമനനേയും ഉണ്ടാക്കി പ്രത്യേകം പൂജ നടത്തുന്നു. ഈ ദിനത്തില്‍ നമ്മള്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. പല വിധത്തില്‍ ഐശ്വര്യം നിറക്കുന്ന ഒന്നാണ് ഈ ദിനത്തിലെ ആഘോഷങ്ങള്‍.