◾നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്ക്. എ.എന്‍ ഷംസീര്‍ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ എക്സൈസ്, തദ്ദേശ വകുപ്പുകളാകും രാജേഷിനു നല്‍കുക. ചൊവ്വാഴ്ച ഉച്ചക്കു 12 നാണു സത്യപ്രതിജ്ഞ. രണ്ടുതവണ എംപിയായിരുന്ന രാജേഷ് തൃത്താലയില്‍നിന്നാണ് നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്.
◾കിഫ്ബി മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇടപെടല്‍. 23 ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നു ഇഡി കോടതിയെ അറിയിച്ചു.
◾ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരിലുള്ള പരിശോധന വൈകുന്നേരമാണ് തുടങ്ങിയത്. ഏജന്റുമാരില്‍നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായ പരിശോധന. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
◾കേരള സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യാത്രാമംഗളമേകി കൈകള്‍ കൂപ്പി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂപ്പിയ കൈകള്‍ ഇരുകൈയിലുമാക്കി ചേര്‍ത്തുപിടിച്ച് മോദി. ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
◾തിരുവനന്തപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. സമ്മേളനം ഇന്നു രാവിലെ പത്തരയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവയില്‍ നിന്ന് സാധനം വാങ്ങാന്‍ കൂപ്പണുകള്‍ അനുവദിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍ നല്‍കുക.
◾ഇതര സമുദായാംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സമുദായത്തില്‍നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള സംഘത്തെ മൂന്ന് ദിവസമായിട്ടും പിടികൂടാനായില്ല. പ്രതികള്‍ ഒളിവിലാണെന്നു പൊലീസ്. അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചു. ഡിവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണിന്റെ നേതൃത്വത്തിലുളള പതിനാറംഗ സംഘമാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ആറു മാസംകൂടി വേണമെന്ന ആവശ്യവുമായി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
◾തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിലും തീര്‍പ്പാകുന്നതുവരെ വിഴിഞ്ഞം സമരം ശക്തമായി തുടരുമെന്ന് ലത്തീന്‍ അതിരൂപത. പരാതികളില്‍ തീരുമാനമായെന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◾മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി നിരാകരിച്ചു.
◾മകനെ കഞ്ചാവു കേസില്‍ പോലീസ് അറസ്റ്റു ചെയ്തെന്ന വ്യാജ പ്രചാരണവുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസിനെതിരേ സൈബര്‍ ആക്രമണം. ഇതിനെതിരേ ഉമ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നല്‍കി. പൊലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
◾തന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി കിട്ടിയത് മെറിറ്റടിസ്ഥാനത്തിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലാണു നിയമനം. ഇക്കാര്യത്തില്‍ അസ്വാഭാവികമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണവും ആകാമെന്നും സുരേന്ദ്രന്‍.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ തിരുവന്തപുരം അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന അകന്ന ബന്ധുക്കളാണ് പ്രതികള്‍.
◾കൊച്ചി വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യ വേദിയും രംഗത്ത്. ചിത്രത്തിനു മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കോതമംഗലത്ത് തട്ടേക്കാട് പുഴയില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ നാല്‍പത്തഞ്ചുകാരന്റെ മൃതദേഹം. പാന്റ്സും ഷര്‍ട്ടുമാണു വേഷം. ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നിന്നതോടെ മീന്‍ പിടിക്കാന്‍ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
◾ഭൂമി പോക്കുവരവിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ആനിക്കാട് വില്ലേജ് ഓഫിസര്‍ ജേക്കബ് തോമസ് അറസ്റ്റില്‍. ആനിക്കാട് സ്വദേശി എബ്രഹാം ജോണിന്റെ പരാതിയിലാണ് വിജിലന്‍സ ഇയാളെ പിടികൂടിയത്.
◾തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദയാണ് മരിച്ചത്. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്.
◾വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം പാലപ്പുറം സ്വദേശി മരിച്ചു. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സില്‍ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചു.
◾കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മര്‍ പൊളിച്ച് അകത്തെ കോയിലിലെ ചെമ്പുകമ്പി കടത്തിയ കേസില്‍ മൂന്നു പേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി സ്വദേശികളായ സെബിന്‍, സജി, ബിനു എന്നിവരാണ് പിടിയിലായത്. തോപ്രാംകുടി അമല നഗര്‍ ഭാഗത്തു സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മറിലെ കോയിലാണ് കവര്‍ന്നത്.
◾കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ പി ജി ബ്ലോക്കിനു മുന്നിലുണ്ടായിരുന്ന രണ്ട് ചന്ദന മരങ്ങള്‍ മോഷണംപോയി. കട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണു മുറിച്ച് കടത്തിയത്. എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി.
◾തിരുവനന്തപുരം ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. സ്‌കൂളിലെ ഓണാഘോഷത്തിന് ശേഷമായിരുന്നു ഓണത്തല്ല്. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പല ഭാഗത്തേക്കായി ഓടിപ്പോയി. നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.
◾ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ 6.8 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് വിവരം പുറത്തുവിട്ടത്.
◾സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നുമുള്ള ഉപാധിയോടെയാണ ജാമ്യം.
◾പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബംഗളുരുവിലെ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
◾തമിഴ് ഗായകന്‍ ബംബ ബാക്യ അന്തരിച്ചു. 49 വയസായിരുന്നു. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലാണ് ബംബ ബാക്യ അവസാനമായി പാടിയത്.
◾പൈലറ്റുമാര്‍ പണിമുടക്കിയതോടെ ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഏഴുന്നൂറു യാത്രക്കാരാണു കുടുങ്ങിയത്. 300 പേര്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും 400 പേര്‍ മ്യൂണിക്കിലേക്കുമുള്ളവരായിരുന്നു. ഡല്‍ഹിയില്‍ രണ്ട് വിമാനങ്ങളാണ് ലുഫ്ത്താന്‍സ റദ്ദാക്കിയത്. ലോകവ്യാപകമായി ലുഫ്ത്താന്‍സ 800 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
◾അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് വധശ്രമത്തില്‍നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈസ് പ്രസിഡന്റിന്റെ വസതിയുടെ മുന്നില്‍ വെച്ച് ഒരാള്‍ അവരുടെ തൊട്ടടുത്തുനിന്നു തോക്കു ചൂണ്ടിയെങ്കിലും വെടിപൊട്ടിയില്ല. ഉടന്‍തന്നെ സുരക്ഷാ സൈനികര്‍ അക്രമിയെ കീഴ്പ്പെടുത്തി.
◾അഫ്ഗാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ വന്‍ സ്ഫോടനം. ഗസര്‍ഗാഹ് മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ പള്ളിയുടെ ഇമാം അടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
◾2,300 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസറിന്റെ ശരീരാവശിഷ്ടങ്ങള്‍ സിംബാബ്വയില്‍ കണ്ടെത്തി. ലോകത്തെ ഏറ്റവും പഴക്കമുള്ള ദിനോസറുകളുടെ അവശിഷ്ടമാണു കണ്ടെത്തിയത്.
◾അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ധ്യക്ഷനായി കല്യാണ്‍ ചൗബേയെ തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും ബംഗാളില്‍നിന്നുള്ള ബിജെപി നേതാവുമായ കല്യാണ്‍ ചൗബേ അദ്ധ്യക്ഷനായത്.
◾ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെ 155 റണ്‍സിന് തകര്‍ത്ത് പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍. പാകിസ്താന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ് 10.4 ഓവറില്‍ ഓവറില്‍ വെറും 38 റണ്‍സിന് പുറത്തായി. ഇന്നുമുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കും. നാളെ വീണ്ടും ഇന്ത്യാ- പാക് മത്സരം.
◾2022 ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍. സീനിയര്‍ താരവും ഓപ്പണര്‍ ബാറ്ററുമായ ജേസണ്‍ റോയ് ടീമില്‍ നിന്ന് പുറത്തായി. ക്രിസ് വോക്‌സും മാര്‍ക്ക് വുഡും പതിനഞ്ചംഗ ടീമിലിടം നേടിയിട്ടുണ്ട്.
◾സമ്പാദ്യശീലം ചെറുപ്പത്തിലെ ശീലിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ കുട്ടികള്‍ക്കായി രണ്ടു തരത്തിലുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല എന്നതാണ് ഈ അക്കൗണ്ടുകളുടെ പ്രത്യേകത. പത്തുലക്ഷം രൂപ വരെ നിക്ഷേപിക്കാം. പെഹ്ല കദം, പെഹ്ലി ഉഡാന്‍ എന്നി രണ്ടു അക്കൗണ്ടുകളാണ് കുട്ടികള്‍ക്കായി എസ്ബിഐ കൊണ്ടുവന്നത്. മറ്റു അക്കൗണ്ടുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെ പുതുതല മുറ സേവനങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. പത്തിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ചേരാന്‍ സാധിക്കുക. കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുക.
◾സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് നോണ്‍-റെസിഡന്റ് എക്‌സ്റ്റേണല്‍ അക്കൗണ്ടിന്റെ (എന്‍ആര്‍ഇ) സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. 50 മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെയാണ് വര്‍ദ്ധന. പന്ത്രണ്ട് മാസം മുതല്‍ പതിനെട്ട് മാസം വരെയുള്ള എന്‍ആര്‍ഇ സ്ഥിര നിക്ഷേപ നിരക്ക് യെസ് ബാങ്ക് 7.01 ശതമാനമായാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകളെല്ലാം 5 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്. ഇതിനുപുറമെ, 12 മാസം മുതല്‍ 24 മാസത്തില്‍ താഴെ വരെയുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 4.05 ശതമാനം മുതല്‍ 4.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
◾മലയാളി സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്ലര്‍ പ്രതീക്ഷയുണര്‍ത്തുന്നു. നിഖില വിമല്‍ ആണ് നായിക. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്.
◾സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ഏറ്റവും ഒടുവിലായി ശിവകാര്‍ത്തികേയന്റേതായി പുറത്തിറത്തിറങ്ങിയ 'ഡോക്ടറും' 'ഡോണും' 100 കോടിയിലധികം കളക്ഷന്‍ നേടി. ശിവകാര്‍ത്തികേയന്റെ 'മാവീരന്റെ' അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കരിയറിലെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ അദിതി ശങ്കര്‍ ആണ് 'മാവീരനി'ലെ നായിക. തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ ഷങ്കറിന്റെ മകളായ അദിതിയാണ് 'മാവീരനി'ലെയും നായിക. മഡോണി അശ്വിന്‍ തന്നെയാണ് 'മാവീരന്റെ' തിരക്കഥ എഴുതുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
◾ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് ബ്രാന്‍ഡും വില്‍പ്പനയില്‍ രാജ്യത്തെ നമ്പര്‍ വണ്‍ എസ്.യു.വി ബ്രാന്‍ഡുമായ ടാറ്റ മോട്ടോഴ്‌സ് വിജയകരമായ മിഡ് മുതല്‍ ഹൈ എസ്.യു.വികളുടെ ലൈനപ്പിനായി പുതിയ ജെറ്റ് പതിപ്പ് പുറത്തിറക്കി. ആഡംബരപൂര്‍ണമായ ലൈനപ്പ് 'ബിസിനസ് ജെറ്റ്'സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. എക്‌സ്‌ക്ലൂസീവ് എക്‌സ്‌ക്ലൂസീവ് ഇന്റീരിയര്‍ കളര്‍ തീമിനൊപ്പം ലൈനിന്റെ ടോപ്പ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു ജെറ്റ് പതിപ്പ്. ടാറ്റാ മോട്ടോഴ്‌സിന്റെ മുന്‍നിര 6/7 സീറ്റര്‍ എസ്.യു.വി സഫാരി, കമ്പനിയുടെ പ്രീമിയം 5സീറ്റര്‍ എസ്.യു.വി ഹാരിയര്‍ എന്നിവ ഈ ഓഫ്എഡിഷന്‍ എഡിഷനില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ നമ്പര്‍. 1 എസ്.യു.വി ടാറ്റ നെക്‌സോണും ഇതില്‍ ഉള്‍പ്പെടുന്നു.
◾മനുഷ്യന്‍ എന്ന ദുരൂഹപദത്തെ നിര്‍വചിക്കാനുള്ള കഠിനമായ സൗന്ദര്യസാധനയാണ് കെ.പി. രാമനുണ്ണിയുടെ ഈ പുതിയ കഥാസമാഹാരം. വര്‍ഗ്ഗീയതാ പ്രതിരോധത്തിന്റെ പ്രാര്‍ത്ഥനാഗ്രന്ഥം കൂടിയാണ് ഈ കഥാപുസ്തകം. 'ഹൈന്ദവം'. മാതൃഭൂമി ബുക്സ്. വില 220 രൂപ.
◾ശരീരഭാരവും സ്വഭാവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ ഡോക്ടര്‍മാരോടുള്ള പെരുമാറ്റത്തില്‍ വണ്ണം കൂടിയവര്‍ക്ക് ചില പ്രത്യേകതകളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ശരീരഭാരം കൂടിയവര്‍ ഡോക്ടര്‍മാരോടു തര്‍ക്കിക്കാനും അവര്‍ പറയുന്നത് അംഗീകരിക്കാതിരിക്കാനും സാധ്യത കൂടുതലുണ്ടെന്നാണ് കണ്ടെത്തല്‍. ഓക്സ്ഫഡ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ഫാമിലി പ്രാക്ടീസ് എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതവണ്ണം കുറയ്ക്കുന്നത് അടക്കമുള്ള ആരോഗ്യശീലങ്ങള്‍ക്ക് കുടുംബ ഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ വണ്ണം കൂടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും രണ്ട് അഭിപ്രായമാണെന്ന് ലേഖനത്തില്‍ പറയുന്നു. അമിത വണ്ണത്തിന്റെ കാരണമായി ഡോക്ടര്‍മാര്‍ ഭക്ഷണശീലങ്ങളും വ്യായാമത്തിന്റെ കുറവും ചൂണ്ടിക്കാട്ടുമ്പോള്‍ രോഗികള്‍ ഇത് അംഗീകരിക്കാറില്ല. ഹോര്‍മോണ്‍ വ്യതിയാനവും പാരമ്പര്യവും അടക്കമുള്ള തങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളാണ് അമിതഭാരത്തിനു പിന്നിലെന്ന് തര്‍ക്കിക്കാനാണ് രോഗികള്‍ക്ക് കൂടുതല്‍ താത്പര്യം. സ്വയം മനസ്സുവെച്ചാല്‍ വണ്ണം കുറയ്ക്കാമെന്നു പറയുന്ന ഡോക്ടര്‍മാരുടെ വാദങ്ങള്‍ ഇവര്‍ അംഗീകരിക്കാറുമില്ല. രോഗികളും ഡോക്ടര്‍മാരും തമ്മിലുള്ള ഈ സംവാദത്തിന് ശരീരഭാരവുമായി ബന്ധമുണ്ടോ എന്നായിരുന്നു പഠനത്തില്‍ പരിശോധിച്ചത്. കൂടാതെ സാധാരണ ബിഎംഐ ഉള്ളവരെ അപേക്ഷിച്ച് ശരീരഭാരം കൂടുതലുള്ളവരാണ് ഡോക്ടര്‍മാരുമായി തര്‍ക്കിക്കാന്‍ സാധ്യത കൂടുതലുള്ളതെന്നും കണ്ടെത്തി.
*ശുഭദിനം*
*കവിത കണ്ണന്‍*
അവള്‍ പൊതുവെ ഭയങ്കര ദേഷ്യക്കാരിയാണ്. ചെറിയ കാര്യങ്ങള്‍പ്പോലും അവളെ ചൊടിപ്പിക്കുമായിരുന്നു. ഒരു ദിവസം രാവിലെ ഭര്‍ത്താവ് അവളോട് പറഞ്ഞു: ഞാനിന്ന് സുഹൃത്തുക്കളുടെ കൂടെ യാത്രപോവുകയാണ്. ഒരാഴ്ചകഴിഞ്ഞേ വരൂ. അവള്‍ തലയാട്ടുക മാത്രം ചെയ്തു. അന്ന് വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ മകന്‍ പറഞ്ഞു: എന്റെ പരീക്ഷയുടെ പേപ്പര്‍ കിട്ടി. രണ്ടുവിഷയങ്ങളില്‍ ഞാന്‍ തോറ്റു. നന്നായി പഠിച്ചുജയിച്ചാല്‍ നിനക്ക് കൊള്ളാം എന്നായിരുന്നു അവളുടെ മറുപടി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മകള്‍ പറഞ്ഞു: അമ്മേ, ഇന്ന് രാവിലെ എന്റെ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു. അപ്പോള്‍ അമ്മ പറഞ്ഞു: ഏതെങ്കിലും വര്‍ക് ഷോപ്പില്‍ കൊടുത്ത് ശരിയാക്കൂ. ഇനിമുതല്‍ സൂക്ഷിച്ച് വാഹനമോടിക്കണം.. എല്ലാകാര്യത്തിലും ദേഷ്യപ്പെടാറുളള അമ്മയുടെ ഈ മാറ്റം അവരില്‍ അത്ഭുതമുളവാക്കി. ഇത്തരം കാര്യങ്ങളിലെല്ലാം ദേഷ്യപ്പെടാറുളള അമ്മയ്ക്കിതെന്തുപറ്റി? മക്കളും ഭര്‍ത്താവും ചോദിച്ചു, അവള്‍ പറഞ്ഞു: ഞാന്‍ ഒരു കാര്യം മനസ്സിലാക്കാന്‍ വൈകി. സ്വന്തം ജീവിതത്തിന് അവനവനാണ് ഉത്തരവാദി. മറ്റുള്ളവരുടെ കാര്യത്തില്‍ ആകുലപ്പെടുന്നതില്‍ ഒരു അര്‍ത്ഥവുമില്ല നിയന്ത്രണവിധേയമല്ലാത്ത കാര്യങ്ങള്‍ വരുതിയിലാക്കണമെന്ന ദുര്‍വാശിയാണ് ജീവിതം സമ്മര്‍ദ്ദത്തിന് അടിമപ്പെടാന്‍ കാരണം. കാറ്റ് വീശുന്നതും സൂര്യനുദിക്കുന്നതും ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല. കൈപിടിയിലൊതുങ്ങാത്ത കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയും കൈപ്പിടിയില്‍ നില്‍ക്കുന്ന കാര്യങ്ങളെ കരുതലില്ലാതെ സമീപിക്കുകയും ചെയ്യുന്നത് അപക്വമാണ്. മാറ്റംവരുത്താനോ ക്രമീകരിക്കാനോ കഴിയുന്ന കാര്യങ്ങളുടെ പേരിലുണ്ടാകുന്ന ഉത്കണ്ഠയ്ക്ക് അര്‍ത്ഥമുണ്ട്. ഒരു വിചിന്തത്തിന് അത് വഴിതെളിക്കും. എന്നാല്‍ പരിധിക്ക് പുറത്തുളള കാര്യങ്ങളില്‍ എല്ലാവരും നിസ്സഹായരാണ്. നടപ്പില്‍ വരുത്താനോ തിരുത്താനോ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് അസ്വസ്ഥരായാല്‍ അതിനുള്ള ഏകപോംവഴി സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അനാവശ്യകാര്യങ്ങളെക്കുറിച്ചുള്ള ആകുലത അകറ്റുക എന്നതാണ് ആത്മനിയന്ത്രണത്തിനുള്ള ആദ്യപടി. കയ്യിലൊതുങ്ങാത്തത് നമുക്ക് വിടാന്‍ ശീലിക്കാം - ശുഭദിനം. മീഡിയ16