*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 1 | വ്യാഴം

◾വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍. മുസ്ലീം ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. വഖഫ് നിയമനത്തിന് അതതു സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കാനാണ് നീക്കം.

◾സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിമയനത്തിനു ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ ഇന്ന് നിയമസഭ പാസാക്കും. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്താണ് ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുന്നത്.

◾വിഴിഞ്ഞത്ത് കടലാക്രമണംമൂലം വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് പ്രതിമാസം 5500 രൂപ വീട്ടുവാടക നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുട്ടത്തറയില്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കും. പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രിസഭാ തീരുമാനം.

◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. സമരം കാരണം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്നാണ് അദാനി ഗ്രുപ്പ്  ഹൈക്കോടതിയെ അറിയിച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാളെ ഉച്ചയ്ക്ക് ഒരു മണി വരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും നിയന്ത്രണം ഉണ്ടാകും. ആലുവ മുതല്‍ ഇടപ്പള്ളി വരെയും, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, ഈസ്റ്റ് ഐലന്റ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, തേവര ജംഗ്ഷന്‍, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും. ഇന്നു കണ്ടെയ്നര്‍ റോഡിലും നാളെ പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എം ജി റോഡ് , ബിഒടി ഈസ്റ്റ് വരെയും ഗതാഗത നിയന്ത്രണവും വഴിതിരിച്ചു വിടലും ഉണ്ടാകും.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തില്ല. അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതു വിവാദമായിരുന്നു. കോവളത്തു നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിന് അമിത് ഷാ എത്തുമെങ്കിലും ആലപ്പുഴയിലെ വള്ളംകളി അദ്ദേഹത്തിന്റെ പ്രോഗ്രാമില്‍ ഉള്‍പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണു വിവരം.

◾മഴ ശക്തമായി തുടരും. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണു കാരണം. തമിഴ്നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തിയുമുണ്ട്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കു സാധ്യത.

◾കെഎസ്ആര്‍ടിസിയിലെ യൂണിയന്‍ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും.  ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്.

◾ഗവേഷണകാലം അധ്യാപന പരിചയകാലമായി കണക്കാക്കാനാവില്ലെന്ന് യുജിസി. സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് യുജിസി നിലപാട് അറിയിച്ചത്.

◾പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ഇന്നു രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. ഒഴിവുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. സെപ്റ്റംബര്‍ 30 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.

◾കോമണ്‍വെല്‍ത്ത് ഗെയിസില്‍ സ്വര്‍ണം നേടിയ കായിക താരത്തിന് 20 ലക്ഷവും വെള്ളിയ നേടിയവര്‍ക്ക് 10 ലക്ഷവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജോലിയും നല്‍കും. എല്‍ദോസ് പോളാണ് സ്വര്‍ണം നേടിയത്. എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, ട്രീസ ജോളി, അബ്ദുള്ള അബൂബേക്കര്‍ എന്നിവരാണ് വെള്ളി നേടിയത്. ചെസ് ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. നിഹാല്‍ സരിന് 10 ലക്ഷവും എസ് എല്‍ നാരായണന് അഞ്ചു ലക്ഷവും നല്‍കും.

◾വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കൊടി കുത്തി വ്യവസായങ്ങള്‍ പൂട്ടിക്കാനുള്ളതല്ല പാര്‍ട്ടി കൊടികളെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും നഗരപ്രദേശ വികസനവും ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

◾ബിവറേജസ് കോര്‍പറേഷന്റെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ മദ്യശാലകളില്‍ വിജിലന്‍സ് റെയ്ഡ്. രണ്ടിടത്തുനിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി. നിലമ്പൂരില്‍നിന്ന് പതിനാറായിരത്തോളം രൂപയും പെരിന്തല്‍മണ്ണയില്‍നിന്ന്  20,000 രൂപയും പിടിച്ചെടുത്തു. പല സ്ഥലത്തായി ഒളിപ്പിച്ച നിലയിലാണ് നോട്ടുകള്‍.

◾കേസ് തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച് നടന്‍ ജോജു ജോര്‍ജ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ ജോജുവിനെ ദേഹാപദ്രവം ഏല്‍പ്പിച്ചതും അസഭ്യവര്‍ഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി.

◾വയനാട് മീനങ്ങാടിയില്‍ ജനവാസ മേഖലയില്‍ ഭീഷണിയായ കടുവയെ പിടികൂടാന്‍ വനംവകുപ്പു സ്ഥാപിച്ച കെണിക്കൂടില്‍ കുടുങ്ങിയത് നാലു മാസം പ്രായമുള്ള കടുവക്കുട്ടി. അമ്മക്കടുവയും രണ്ടു കുഞ്ഞുങ്ങളും പുറത്തു കാവല്‍. ഒടുവില്‍ അതിസാഹസികമായി കൂട്ടിലെ കടുവക്കുട്ടിയെ തുറന്നുവിട്ടാണ് അമ്മക്കടുവയേയും കുഞ്ഞുങ്ങളേയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറ്റിയത്. അമ്മക്കടുവയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

◾കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അന്തരിച്ചു. 82 വയസായിരുന്നു. ഖബറടക്കം ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി വലിയകത്ത് മഖാമില്‍.

◾സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം തുടങ്ങിയത്.

◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം മര്‍ദ്ദിച്ചു. മൂന്നു സുരക്ഷാ ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.

◾കോഴിക്കാട് നഗരത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഷോറൂമില്‍ അഗ്നിബാധ. വയനാട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് സമീപമുള്ള കൊമാക്കി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഷോറൂമിലാണ് തീപിടിച്ചത്. സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

◾പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്.

◾റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് വച്ച് അതിനുള്ളിലെ ഇരുമ്പുകമ്പികള്‍ ശേഖരിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. ബേക്കലില്‍ ക്വാര്‍ട്ടേഴ്സ് മുറിയില്‍ താമസിക്കുന്ന തമിഴ്നാട് കിള്ളിക്കുറിച്ച് സ്വദേശിനി കനകവല്ലിയാണ് പൊലീസിന്റെ പിടിയിലായത്. കോണ്‍ക്രീറ്റില്‍ ട്രെയിനിടിച്ചു തകര്‍ന്നാല്‍ അകത്തുള്ള ഇരുമ്പ് ആക്രിക്കാര്‍ക്കു വിറ്റു കാശാക്കാനാണ് ഇതു ചെയ്തതെന്ന് പൊലീസ് പറയുന്നു.

◾ആസാം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവ്. ചെറിയതുറ ഫിഷര്‍മാന്‍ കോളനിയിലെ പുതുവല്‍ പുത്തന്‍വീട്ടില്‍ മുത്തപ്പനെ (35) ആണ് ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴത്തുക ഇരയായ കുട്ടിക്കു നല്‍കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ഉത്തരവിട്ടു.

◾ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

◾തൃശൂര്‍ കുറുമ്പിലാവ് പ്രഭാകരന്‍ കൊലക്കേസില്‍ പ്രതി ശശിക്കു ജീവപര്യന്തം. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. അയ്യായിരം രൂപ പിഴയും ഒടുക്കണം.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരുമറിയാതെ അര്‍ധരാത്രി വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി കാറില്‍ പീഡിപ്പിക്കുന്നതിനിടെ കാര്‍ അപകടത്തില്‍ പെട്ടു. കാമുകന്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായി.  പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി വലിയ വളപ്പില്‍വീട്ടില്‍ എ.പി അബ്ദുല്‍ ഹസീബ് (18) ആണ് അറസ്റ്റിലായത്.

◾പാലക്കാട് കല്ലടിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ തൊണ്ണൂറു വയസുകാരനായ പ്രതിക്കു മൂന്നു വര്‍ഷം തടവു ശിക്ഷ. കരിമ്പ ചിറയില്‍ വീട്ടില്‍ കോര കുര്യനെ (90) ആണ് മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം.

◾പഴനി- കൊടൈക്കനാല്‍ റോഡില്‍ ചുരം തകര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പതിമൂന്നാം വളവിന് സമീപം സവാരിഗഡുവിലാണ് റോഡ് തകര്‍ന്നത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. നിരവധി സഞ്ചാരികള്‍ക്കു മടങ്ങാനായില്ല.

◾രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി പതിമ്മൂന്നര ശതമാനമാണ്. തൊട്ടുമുമ്പുള്ള പാദത്തേക്കാള്‍ 4.1 ശതമാനം വര്‍ധന. ജിഡിപി 16.2 ശതമാനം എത്തുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

◾കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പാവോള മയ്നോ ഇറ്റലിയില്‍ അന്തരിച്ചു. 90 വയസായിരുന്നു. മരിക്കുന്നതിനു മുമ്പ് അവരെ സന്ദര്‍ശിച്ച സോണിയാ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും പിന്നീടു സംസ്‌കാര ശുശ്രൂഷകളിലും പങ്കെടുത്തെന്നു കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു.

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങള്‍. ഭാരത് ജോഡോ യാത്ര തുടങ്ങിയശേഷം കാര്യങ്ങളില്‍ ധാരണയുണ്ടാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയില്‍നിന്ന് അധ്യക്ഷന്‍ വേണമെന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍ നേരിട്ടത്.

◾ഡല്‍ഹിയിലെ എംഎല്‍എമാരെ 20 കോടി രൂപ നല്‍കി ബിജെപി വിലയ്ക്കെടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ സമരം തുടങ്ങി. അന്വേഷണം ആവശ്യപ്പെടാന്‍ സിബിഐ ഡയറക്ടറെ കാണാനെത്തിയ 'ആപ്' എംഎല്‍എമാരെ പോലീസ് തടഞ്ഞു. ഇതോടെ എംഎല്‍എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് നാല് എംഎല്‍എമാര്‍ക്കതിരെ ഗവര്‍ണര്‍ നിയമ നടപടി തുടങ്ങി.

◾കര്‍ണാടകത്തിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വി.ഡി. സവര്‍കറെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായി. ആന്‍ഡമാനിലെ ജയിലില്‍ കഴിയവേ ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ മാതൃരാജ്യം സന്ദര്‍ശിക്കാറുണ്ടെന്നാണു പരാമര്‍ശം. സവര്‍ക്കറെ കുറിച്ചുള്ള വിവാദ പാഠഭാഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുമെന്നു കോണ്‍ഗ്രസ്.

◾കര്‍ണാടകയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനു കനത്ത സുരക്ഷ. തര്‍ക്കം നില നില്‍ക്കുന്ന ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഹൈക്കോടതി അനുമതിയോടെ ഗണേശ വിഗ്രഹം സ്ഥാപിച്ച് ഗണേശോത്സവം സംഘടിപ്പിച്ചു. സുപ്രീംകോടതി വിലക്കിയ ബെംഗളുരുവിലെ ചാമരാജ്പേട്ട്  ഈദ് ഗാഹ് മൈതാനത്ത് ആരും പ്രവേശിക്കാതിരിക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.

◾ആസാമില്‍ ബിജെപി സര്‍ക്കാര്‍ ഈ മാസം മൂന്നാമത്തെ മദ്രസകൂടി പൊളിച്ചു. അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പൊലീസ് ആരോപിച്ച് കബൈതരിയിലെ മര്‍കസുല്‍ മആരിഫ് ഖരിയാന മദ്രസിലെ അധ്യാപകനെ അറസ്റ്റു ചെയ്തതിനു പിറകേയാണ് ഇരുനില മദ്രസ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു പൊളിച്ചത്. അധ്യാപകനായ മുഫ്തി ഹഫീസുര്‍ റഹ്‌മാനെ വെള്ളിയാഴ്ചയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്ഷണത്തിന്റെ ചെലവ് അദ്ദേഹം സ്വയം വഹിക്കുകയാണെന്ന് വിവരാവകാശ രേഖ. പ്രധാനന്ത്രിയുടെ ഓഫീസാണ് ഇങ്ങനെ മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് മറുപടി നല്‍കി.

◾ബിഹാറില്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റു വാറണ്ടുള്ള നിയമമന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു. ആര്‍ജെഡി നേതാവായ ഇയാളെ കരിമ്പു വ്യവസായ വകുപ്പു മന്ത്രിയാക്കി മാറ്റിയതോടെയാണ് രാജിവച്ചത്. രാജി ആവശ്യപ്പെട്ട് ബിജെപി സമരപരിപാടികള്‍ ആരംഭിച്ചിരുന്നു.

◾ജമ്മു കാഷ്മീരിലെ സോപോരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു ഭീകരരെ വധിച്ചു.

◾ലോകത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലില്‍ ശക്തിപ്രാപിക്കുന്നു. 'ഹിന്നനോര്‍ എന്ന ചഴലിക്കാറ്റ് ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ ഗുരുതരമായി ബാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.

◾ദുര്‍ബലരായ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ്ങിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 26 പന്തുകളില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും 44 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്.

◾ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനു(എന്‍.പി.സി.ഐ)മായി സഹകരിക്കും. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്റെ ജെംസ്റ്റോണ്‍ സീരീസില്‍ കോറല്‍ വകഭേദത്തില്‍ ലഭ്യമാകും. തുടര്‍ന്ന് റൂബിക്‌സ്, സഫീറോ വകഭേദങ്ങള്‍ പുറത്തിറക്കും. സമ്പര്‍ക്കരഹിത കാര്‍ഡില്‍ ഷോപ്പിംഗ്, റെസ്റ്റോറന്റുകള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ തരം ബില്ലടയ്ക്കല്‍ എന്നി?വ പോലുള്ള ദൈനംദിന ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, ആഭ്യന്തര വിമാനത്താവളം, റെയില്‍വേ ലോഞ്ചുകള്‍ ഉപയോഗിക്കാനുള്ള അവസരം, ഇന്ധന സര്‍ചാര്‍ജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിംഗ് എന്നിവയില്‍ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും.

◾പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാന്‍ഡിംഗ് റേറ്റ്) ഉയര്‍ത്തുന്നു. 5 മുതല്‍ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആറില്‍ ബാങ്ക് നിരക്ക് 6.80 ശതമാനത്തില്‍ നിന്ന് 6.85  ശതമാനം ആയി ഉയര്‍ത്തി. 1 മാസത്തെ എംസിഎല്‍ആര്‍ നിരക്ക്  7.30 ശതമാനം  ആയി നിലനിര്‍ത്തി. 3 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനമായി തുടരും. 6  മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.45 ശതമാനത്തില്‍  നിന്ന് 7.55 ശതമാനമായി ഉയര്‍ത്തി. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.60 ശതമാനത്തില്‍ നിന്ന് 7.70 ശതമാനമായി  ഉയര്‍ത്തി 3 വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.80 ശതമാനമായി തുടരും.

◾വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മിടുക്ക് കാട്ടുന്ന നടനാണ് രാജ്കുമാര്‍ റാവു. രാജ്കുമാര്‍ റാവു നായകനാകുന്ന 'മോണിക്ക, ഓ മൈ ഡാര്‍ലിംഗ്' ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഹുമ ഖുറേഷിയും രാധിക ആപ്തെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. വസന്‍ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്നില്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹ്രണം നിര്‍വഹിക്കുന്നത്. യോഗേഷ് ചന്ദേകര്‍ ആണ് രചന.

◾മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്റെ റിലീസ്. സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്.

◾1964ല്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ഫോര്‍ഡ് മസ്താങ് ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച കാര്‍ നാമങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ ഈ മസില്‍ കാറിന്റെ ഏഴാം തലമുറ മോഡല്‍ അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 2022 സെപ്റ്റംബര്‍ 14-ന് ഡെട്രോയിറ്റ് ഓട്ടോ ഷോയില്‍ പുതിയ ഫോര്‍ഡ് മസ്താങ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഇതിന് ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളും ഒരു മാനുവല്‍ ഗിയര്‍ബോക്സും ലഭിക്കും. പുതിയ തലമുറ ഫോര്‍ഡ് മസ്താങ്ങിന് പരീക്ഷിച്ച 2.3 ലിറ്റര്‍, നാല് സിലിണ്ടര്‍, ഇക്കോബൂസ്റ്റ് എഞ്ചിന്‍, 5.0 ലിറ്റര്‍ ഢ8 മോട്ടോര്‍ എന്നിവയും പുതിയ മോഡലില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടും. കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഓഫറിലുണ്ടാകും.

◾'പൂനിലാവിന്‍ മണിയറ' എന്ന ഈ പുസ്തകം നിഷ്‌കളങ്കതയുടെ പുസ്തകമാകുന്നു. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയും ചിലപ്പോള്‍ സിനിമയെക്കാള്‍ വളരുകയും ചെയ്യാറുള്ള ചലച്ചിത്രഗാനശാഖയെ സ്നേഹാദരപുരസ്സരം ഈ പുസ്തകം പരിചരിക്കുന്നു. കെ.ബി വേണു. ഗ്രീന്‍ ബുക്സ്. വില 171 രൂപ.

◾പോളിഷ് ചെയ്ത വെള്ള അരി, റിഫൈന്‍ ചെയ്ത ഗോതമ്പ്  എന്നിവയെല്ലാം ഉള്‍പ്പെടുന്ന അമിത കാര്‍ബോഹൈഡ്രേറ്റ് തോതുള്ള ഭക്ഷണക്രമമാണ് ഇന്ത്യക്കാരുടെ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് മുന്‍ പഠനങ്ങള്‍ പലതും കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഭക്ഷണക്രമത്തില്‍ പ്രോട്ടീന്‍ വളരെ കുറവും കാര്‍ബോഹൈഡ്രേറ്റ് 65 മുതല്‍ 75 ശതമാനം വരെയുമാണ്. ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും പ്രമേഹ മുക്തിയും നിയന്ത്രണവും സാധ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) ഇന്ത്യന്‍ ഡയബറ്റീസും(ഇന്‍ഡിയാബ്) അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഇന്ത്യക്കാരുടെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് തോത് 54 ശതമാനത്തില്‍ നിന്ന് 49 ആയി കുറച്ച് കൊണ്ട് പ്രോട്ടീന്‍ തോത് 19 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചാല്‍ പ്രമേഹ മുക്തി സാധ്യമാകുമെന്നാണ് ഗവേഷണം പറയുന്നത്. ഇതിനൊപ്പം കൊഴുപ്പിന്റെ തോത് 21 മുതല്‍ 26 ശതമാനമായി നിലനിര്‍ത്തുകയും വേണം. പ്രീ ഡയബറ്റീസ് ഘട്ടത്തിലുള്ളവര്‍ക്ക് പ്രമേഹം വരാതിരിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് തോത് 54-57 ശതമാനവും പ്രോട്ടീന്‍ തോത് 16-20 ശതമാനവും കൊഴുപ്പ് 20-24 ശതമാനവുമായി നിലനിര്‍ത്തിയാല്‍ മതിയെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുന്‍പ് നടത്തിയ പല പഠനങ്ങളും കാര്‍ബോഹൈഡ്രേറ്റ് തോത് വളരെ കുറച്ച് പൂജ്യത്തിനടുത്ത് എത്തിക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 29 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 18,090 മുതിര്‍ന്നവരിലാണ് ഐസിഎംആര്‍-ഇന്‍ഡിയാബ് പഠനം നടത്തിയത്. ലീനിയര്‍ റിഗ്രഷന്‍ മോഡലും ക്വാഡ്രാറ്റിക് പ്രോഗ്രാമിങ്ങും ഇതിനായി ഉപയോഗപ്പെടുത്തി. ഡയബറ്റീസ് കെയര്‍ ജേണലില്‍ കഴിഞ്ഞയാഴ്ച ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ജോലിക്കാരന്‍ ദിവസവും അടുത്തുള്ള കുളത്തില്‍നിന്നാണ് ആ വീട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്.  രണ്ടു കുടങ്ങളും തോളിന്റെ ഇരുവശത്തുമായി വരത്തക്കരീതിയില്‍ ഒരു വടിയില്‍ കെട്ടിയിട്ടാണ് അയാള്‍ കൊണ്ടുപോകാറ്. അതിലെ ഒരു കുടത്തിന് ചെറിയ ഓട്ടയുണ്ടായിരുന്നു.  കുടം നിറയെ വെള്ളമെടുത്താലും യജമാനന്റെ വീട്ടിലെത്തുമ്പോഴേക്കും ആ കുടത്തിലെ വെള്ളം പകുതിയായിരിക്കും.  എങ്കിലും അയാള്‍ കാലങ്ങളായി ആ കുടം തന്നെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. ഒരിക്കല്‍ കുടം അയാളോട് ചോദിച്ചു :  എനിക്ക് ഇങ്ങനെ ഒരു വൈകല്യം ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് നിങ്ങള്‍ എന്നെചുമന്ന് നടക്കുത്.  ഇതെനിക്ക് ഏറെ ലജ്ജയും പരാജയബോധവും ഉളവാക്കുന്നു.  അപ്പോള്‍ ആ ജോലിക്കാരന്‍ പറഞ്ഞു:  നാളെ നീ നമ്മള്‍ വരാറുള്ള വഴി ശ്രദ്ധിക്കണം. എന്നിട്ട് ഞാന്‍ നിനക്കുള്ള മറുപടി തരാം.  അങ്ങനെ പിറ്റേ ദിവസം വെള്ളവും കൊണ്ട് വരുമ്പോള്‍ കുടം താന്‍ കടന്നുവരുന്ന വഴി ശ്രദ്ധിച്ചു.  അവിടം നിറയെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു.  അപ്പോള്‍ ജോലിക്കാരന്‍ പറഞ്ഞു.  നിന്നെ കൊണ്ടുവരുന്ന വഴിയിലാകെ പൂക്കളുടെ വിത്ത് പാകിയത് ഞാനാണ്.  ആ വിത്തിന് നീ എന്നും വെള്ളം നല്‍കുന്നു.  അതില്‍ നിറയെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.  ആ പൂക്കള്‍ കൊണ്ടാണ് എന്റെ യജമാനന്റെ പൂജാമുറി ഞാന്‍ അലങ്കരിക്കുന്നത്.. നമുക്കു ചുറ്റും ഇതുപോലെ പരിമിതികള്‍ നിറഞ്ഞ ധാരാളം പേരുണ്ട്. അവരുടെ പരിമിതികളെ കൂടി ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കുമ്പോഴാണ് അവരെയും വിജയത്തിലെത്തിക്കുവാന്‍ നമുക്ക് സാധിക്കുന്നത്.  ഇതേ പരിമിതികള്‍ നമുക്കും ഉണ്ടാകാം.  ആ പരിമിതികളെ അതിജീവിക്കുന്നിടത്താണ് ജീവിതത്തെ സംതൃപ്തിയുടേയും സന്തോഷത്തിന്റെയും വിജയത്തിന്റെയും  പാതയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത്. - ശുഭദിനം.
മീഡിയ16