കൊല്ലം : കടൽമാർഗ്ഗം മത്സ്യബന്ധന ബോട്ടിൽ കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കു കടത്താമെന്ന വാഗ്ദാനത്തിൽ കൊല്ലത്തെത്തിയ 11 ശ്രീലങ്കൻ പൗരന്മാർ നഗരത്തിലെ ഹോട്ടലിൽ നിന്ന് അറസ്റ്റിലായി. സംഭവത്തിനു പിന്നിൽ വൻ മനുഷ്യക്കടത്തു സംഘമെന്നു സൂചന. വിദേശത്തേക്കു കടക്കാൻ കൂടുതൽ പേർ കൊല്ലത്തെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്നു തിരച്ചിൽ വ്യാപകമാക്കി. മനുഷ്യക്കടത്തിനുപയോഗിക്കാൻ തയാറാക്കിയെന്നു പറയുന്ന ബോട്ട് കണ്ടെത്തിയിട്ടില്ല.ശ്രീലങ്കയിലെ ട്രിങ്കോമാലി സ്വദേശികളായ സുദർശനൻ (27), പവിത്രൻ (27) എന്നിവരും തൃച്ചി വാളവന്താൻകോട്ട അഭയാർത്ഥി ക്യാംപിൽ കഴിയുകയായിരുന്ന ശരവണൻ (24), അജയ് (24), പ്രസാദ് (24), മതിവർണൻ (35), ക്വീൻസ് രാജ് ( 22), ജദൂർസൻ (21), ചെന്നൈയിൽ നിന്നെത്തിയ ദിനേശ്കുമാർ (36), നവനീതൻ (24), തിരുനെൽവേലിയിൽ നിന്നെത്തിയ പ്രകാശ് രാജ് ( 22) എന്നിവരെയാണു ഇന്നലെ പുലർച്ചെ 2.45 ന് അറസ്റ്റ് ചെയ്തത്. സുദർശനനും പവിത്രനും ജൂലൈ 20 നാണ് ചെന്നൈയിലെത്തിയത്. അവിടെ നിന്നു ബസിൽ കൊല്ലത്തുമെത്തി. ടൂറിസ്റ്റ് വീസയിലെത്തിയ സുദർശനനെയും പവിത്രനെയും കാണാതായതിനെതുടർന്നു തമിഴ്നാട് പൊലീസ് ക്യൂ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് അഭയാർത്ഥി ക്യാംപിൽ നിന്നുള്ളവരും കൊല്ലത്തേക്കു കടന്നതായ വിവരം ലഭിച്ചത്.
ഇവരെ പിന്തുടർന്നു കൊല്ലത്തെത്തിയ ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്നാണ് ഈസ്റ്റ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യും. ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു. കൊളംബോ സ്വദേശി ലക്ഷ്മണൻ മനുഷ്യക്കടത്തിന്റെ പ്രധാന ഏജന്റാണെന്നാണ് വിവരം. കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ എവിടെയെങ്കിലും എത്തിക്കാമെന്നു പറഞ്ഞാണു സമീപിച്ച ശേഷം 2 മുതൽ 3 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടത്.
ഒരാൾ ഒരു ലക്ഷം രൂപ നൽകി. ബോട്ടു കണ്ടശേഷം പണം നൽകാമെന്നു മറ്റു ചിലർ പറഞ്ഞു. യാത്ര പുറപ്പെടുന്നതിനു മുൻപ് എല്ലാവരും പണം നൽകണമെന്നായിരുന്നു വ്യവസ്ഥ. ഹോട്ടലിൽ റെഡിയായി ഇരിക്കണമെന്നും പുറപ്പെടാൻ നിർദ്ദേശം ലഭിച്ചാലുടൻ പറയുന്ന സ്ഥലത്ത് എത്തണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇവർക്കൊപ്പം കൊല്ലത്തെത്തിയ മറ്റൊരു സംഘം പൊലീസ് എത്തുന്നതിനു മുൻപ് ഹോട്ടൽ വിട്ടിരുന്നു. പിടിയിലായവരെ കൊല്ലത്ത് ആരൊക്കെയാണു സഹായിച്ചതെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു. ഇവരെ കൊല്ലത്ത് എത്തിച്ചതിനു പിന്നിലുള്ളവരെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ഓസ്ട്രേലിയയിലേക്കു പോകാനാണു വന്നതെന്നു പറഞ്ഞെങ്കിലും പിന്നീട് കാനഡ എന്നു തിരുത്തി. ദിനേശ്കുമാർ ആണു നീക്കങ്ങൾ ഏകോപിപ്പിച്ചത്. ഇവർക്കായി ഒരുക്കിയ ബോട്ട്, യാത്ര ചെയ്യാൻ ഉദ്ദേശിച്ച രാജ്യം, സാമ്പത്തിക ഇടപാട് തുടങ്ങിയ വിവരങ്ങളും വൈകാതെ അറിയാനാവുമെന്നും കമ്മിഷണർ പറഞ്ഞു. മനുഷ്യക്കടത്തുമായി മുൻപ് ഉണ്ടായ കേസുകളിലെ പ്രതികൾക്ക് ഇതുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
കൊല്ലത്തു നിന്ന് കാനഡ വരെ ജലമാർഗമുള്ള ദൂരം 9,808 നോട്ടിക്കൽ മൈൽ ആണ്. ഏകദേശം 17,500 കിലോമീറ്റർ. ചരക്കു കപ്പലുകൾ ഒരുമാസത്തിനു മുകളിൽ സമയമെടുത്താണ് ഇവിടെ എത്തുക. എന്നാൽ ഇതിന്റെ പകുതി സമയത്ത് എത്തിക്കുമെന്നാണു കൊല്ലത്തു പിടിയിലായ ശ്രീലങ്കൻ പൗരന്മാർക്കു മനുഷ്യക്കടത്തു സംഘം ഉറപ്പ് നൽകിയത്. കൊല്ലത്ത് നിന്നുള്ള മത്സ്യബന്ധന ബോട്ടിലാകും യാത്ര എന്നായിരുന്നു അറിയിപ്പ്. ഇതിനായി ഒരുക്കിയ ബോട്ട് ആരുടേതെന്നു കണ്ടെത്തിയാൽ മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്താകും.ആ വഴിക്കുള്ള അന്വേഷണത്തിലാണു തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും.ബോട്ട് വിലയ്ക്കെടുത്തു യാത്രയ്ക്ക് ഒരുക്കാതെ രാജ്യം കടത്തേണ്ടവരെ കൊല്ലത്ത് എത്തിക്കില്ലെന്നാണു പൊലീസിന്റെ നിഗമനം. പിടിയിലായ 11 പേരിൽ 4 പേർ കഴിഞ്ഞ 3 ന് ആണ് കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. മറ്റ് 7 പേർ അടുത്ത ദിവസവും. ഇവർക്കൊപ്പം ഇതേ ഹോട്ടലിൽ മുറിയെടുത്ത മറ്റൊരു സംഘം ഇവിടെ നിന്നു പോയി. കൊല്ലം തീരത്തു നേരത്തേയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് ഈ സംഭവവുമായി ബന്ധമുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്നലെ പിടിയിലായ ശ്രീലങ്കക്കാർക്ക് ആർക്കും അവർക്കായി ക്രമീകരിച്ച ബോട്ട് ഏതെന്ന് അറിയില്ല.യാത്ര പുറപ്പെടുന്നതിനു മുൻപ് ബോട്ടു സംബന്ധിച്ച വിവരം സന്ദേശമായി വരുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ ഒക്ടോബറിൽ കാനഡയിലക്കുള്ള മനുഷ്യക്കടത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് അമേരിക്കൻ നാവികസേന പിടികൂടിയിരുന്നു. 59 ശ്രീലങ്കൻ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. പരിശോധനയിൽ കൊല്ലത്തു നിന്നുള്ള ബോട്ടാണെന്ന് തെളിഞ്ഞു. കേരളത്തിനു പുറത്തേക്ക് ഇത്തരം ബോട്ട് വിൽപനയ്ക്ക് നിയമതടസ്സമുള്ളതിനാൽ കൊല്ലത്തുള്ള ഇടനിലക്കാരെ ഏജന്റുമാർ ഉപയോഗിക്കാറുണ്ട്. 2012 ൽ 151 പേരാണ് മനുഷ്യക്കടത്തിനു ശ്രമിച്ചതിന് കൊല്ലത്തു നിന്നു പിടിയിലായത്.
കൊല്ലം കേന്ദ്രീകരിച്ചു മനുഷ്യക്കടത്തിനു നീക്കമുള്ളതായി നേരത്തേ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടു ചെയ്തിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചും കൊല്ലത്തു നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പിടിക്കപ്പെടുന്ന അഭയാർഥികൾ വഴി ഏജന്റുമാരെ പിടിക്കുക പ്രയാസമാണ്. ഏജന്റുമാരെ പറ്റിയുള്ള വിവരങ്ങൾ ഇവർക്കും അറിയില്ല. സന്ദേശങ്ങളിലൂടെ മാത്രം ആശയവിനിമയം നടത്തിയും പണമിടപാടുകൾ ഓൺലൈൻ വഴി നടത്തിയുമാണ് മനുഷ്യക്കടത്ത് നടത്തുന്നത്. യഥാർത്ഥ പേരോ സ്ഥലമോ ഇവർ വെളിപ്പെടുത്തില്ല. നേരത്തേ ഒരാൾക്ക് 50,000 രൂപ വരെ ആയിരുന്നെങ്കിൽ ഇന്ന് 2 മുതൽ 3 ലക്ഷം വരെ മുടക്കണം. നിലവിൽ പിടിയിലായവർ നേരത്തെ പോയവരുമായി ബന്ധപ്പെട്ട ശേഷമാകാം പണം നൽകിയത്.
അവിടെ എത്തിയാൽ അഭയാർത്ഥികൾ എന്ന വിഭാഗത്തിൽപെടുകയും ജോലി സമ്പാദിക്കുക, വിവാഹം ചെയ്യുക തുടങ്ങിയ വഴികളിലൂടെ സ്ഥിര താമസമാക്കുകയുമാണ് രീതി. ഇടപാടുകാർ വഴി വാങ്ങുന്ന ബോട്ടുകൾ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തും. ഇവർക്ക് ഒളിച്ചു താമസിക്കാവുന്ന അറകളും ഒരുക്കും. യാത്രയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കും. ബോട്ടിന്റെ നിറം മാറ്റിയാണ് മനുഷ്യക്കടത്തിനായി ഉപയോഗിക്കുന്നത്. എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലായിരിക്കും അറകൾ പണിയുക. ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ഏജന്റുമാർ ഉറപ്പ് നൽകാറില്ല. യാത്രാമദ്ധ്യേ കാലാവസ്ഥ വ്യതിയാനത്തിൽ അപകടങ്ങൾ സംഭവിക്കുക പതിവാണ്.