സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തി 14കാരനെ തട്ടിക്കൊണ്ടു പോയി, 5 മണിക്കൂർ തിരച്ചിൽ, ഒടുവിൽ രക്ഷപ്പെടുത്തി

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്.കെ‍ാട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.

സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പാറശാലയില്‍ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്. വൈകിട്ട് ആറരയോടെ ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം കുട്ടിയുമായി കടന്നു. വിവരം ലഭിച്ചയുടന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറി.

രാത്രി ഒന്‍പത് മണിയോടെ കാര്‍ പൂവാര്‍ സ്റ്റേഷന്‍ പരിധികടന്നപ്പോള്‍ പെ‍ാലീസ് ജീപ്പ് പിന്തുടര്‍ന്നു. ഇതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച്‌ അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്.

പാറശാല കോഴിവിളക്കു സമീപം വച്ചാണ് ഓട്ടോ തടഞ്ഞത്. ഒ‍ാട്ടോയില്‍ അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ടം സ്വദേശി ബിജു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.