തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍, മെഡിക്കൽ കോളേജിലേക്ക് മാറ്റി

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

റാന്നി സ്വദേശി ഹ​രീഷിന്റെ മകളാണ് അഭിരാമി. രണ്ടാഴ്ച മുൻപാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. മൂന്നു വാക്സിനുകളും എടുത്തിരുന്നു. നാലാമത്തെ വാക്സിൻ ഈ മാസം പത്താം തീയതി എടുക്കാനിരിക്കുകയായിരുന്നു.