നികുതിവെട്ടിപ്പ് തടയാൻ ബില്ലുകൾ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിന്റെ 'ലക്കി ഡിപ്പി'ൽ ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും സമ്മാനങ്ങൾ. ആഴ്ചയിലും മാസത്തിലും പ്രത്യേക നറുക്കെടുപ്പുകളും നടത്തും.
വിശേഷാവസരങ്ങളിൽ ബമ്പർ സമ്മാനവും ഉണ്ടാകും. വർഷം അഞ്ചുകോടിരൂപയുടെ സമ്മാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ലക്കി ബിൽ എന്ന മൊബൈൽ ആപ്പ് വഴിയാണ് നറുക്കെടുപ്പ്. ഉപഭോക്താക്കൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്യണം. സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെ ബില്ലുകൾ ഇതിൽ അപ്ലോഡ്ചെയ്യണം. ഈ ബില്ലുകളാണ് നറുക്കെടുക്കുക.
മൊബൈൽ ആപ്പ് 16-ന് വൈകുന്നേരം നാലിന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.ലക്കി ബിൽ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സംസ്ഥാന ചരക്കുസേവനനികുതി വെബ്സൈറ്റായ www.keralataxes.gov.in-ൽനിന്ന് ഇൻസ്റ്റാൾ ചെയ്യാം. തുടർന്ന് പേര്, വിലാസം, മൊബൈൽനമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.
മാസത്തിലെ വിജയിക്ക് ഒന്നാംസമ്മാനം 10 ലക്ഷം
ദിവസേനയുള്ള നറുക്കെടുപ്പ്: 1000 രൂപയുടെ ഗിഫ്റ്റ് പായ്ക്കറ്റ് (25പേർക്ക് വീതം കുടുംബശ്രീയുടെയും വനശ്രീയുടെയും)
ആഴ്ചതോറും നറുക്കെടുപ്പ്: 25 പേർക്ക് മൂന്നുപകലും രണ്ടുരാത്രിയും കെ.ടി.ഡി.സി.യുടെ ഹോട്ടലുകളിൽ സൗജന്യ സകുടുംബ താമസം.
പ്രതിമാസ നറുക്കെടുപ്പ്: ഒന്നാംസമ്മാനം 10 ലക്ഷംരൂപ. രണ്ടാംസമ്മാനം രണ്ടുലക്ഷംവീതം അഞ്ചുപേർക്ക്. മൂന്നാംസമ്മാനം ഒരുലക്ഷം രൂപവീതം അഞ്ചുപേർക്ക്.
ബമ്പർ സമ്മാനം 25 ലക്ഷംരൂപ