വാർത്ത വഴിത്തിരിവായി; വാഹനാപകടത്തിൽ മരിച്ച നിവേദിനായി സാക്ഷിപറയാൻ സീനയെത്തി

രണ്ടരമാസത്തെ കാത്തിരിപ്പായിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികൾ ആരെന്നോ അപകടത്തിന് കാരണമായ വാഹനമേതെന്നോ അറിയാതെ ദുഃഖം മാത്രം ബാക്കിയായ കുടുംബം. കോഴിക്കോട് കീഴ്പ്പയ്യൂരിൽ വാഹനാപകടത്തിൽ മരിച്ച നിവേദിന്റെ കുടുംബത്തിന്റെ സങ്കടം   അപ്രതീക്ഷിതമായി റോഡിലിറങ്ങേണ്ടി വന്നതും ഒടുവിൽ ഒരപകടത്തിന് നേരിട്ട് സാക്ഷിയാകേണ്ടിയും വന്ന കുറ്റ്യാടി വടയം സ്വദേശിനി സീന.
പേരാമ്പ്രയിൽ ഒരു വിവാഹ വീട്ടിൽ പോവാൻ വടയത്തു നിന്നും യാത്രപോയതായിരുന്നു സീന. സമയം രാത്രി ഒമ്പതോടെയടുക്കും. ഭർത്തവിന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞതോടെയാണ് പേരാമ്പ്രയിലെ റോഡിലേക്കിറങ്ങിയത്. പെട്ടന്നായിരുന്നു നിവേദ് ഇവരുടെ മുന്നിലേക്ക് വീണതും ഒരു കാർ ഇടിച്ച് തെറിപ്പിച്ചതും.
നിവേദിനെ ഇവർ റോഡിൽ നിന്നും മടിയിലേക്കെടുത്ത് കിടത്തി ഏറെ കഴിഞ്ഞിട്ടും കാറിലുള്ളവർ അടുത്തേക്ക് വരാൻ തയ്യാറായില്ലെന്ന് പറയുന്നു സീന. പലതവണ അവരെ കൈകാണിച്ച് വിളിച്ചിരുന്നു. പക്ഷെ ഇവർ വണ്ടിയുമെടുത്ത് കടന്ന് കളയുകായാണ് ചെയ്തത്. പിന്നീട് മറ്റൊരു വണ്ടിയെത്തിയാണ് നിവേദിനെ ആശുപത്രിയിലേക്ക് മാറ്റിയത്.കാഴ്ചയിൽ കാര്യമായി പരിക്കേറ്റതായി തോന്നിയിരുന്നിലെങ്കിലും മരിച്ചെന്ന് താൻ ഇപ്പോഴാണ് അറിഞ്ഞതെന്ന് പറയുന്നു സീന. രാത്രി ആയത് കൊണ്ട് വാഹനത്തിന്റെ നമ്പറൊന്നും വ്യക്തമായില്ലെങ്കിലും അറിയാവുന്ന വിവരങ്ങളൊക്കെ സീന പോലീസിനോട് പറഞ്ഞിട്ടുണ്ട്. കാർ അമിത വേഗതയിലായിരുന്നുവെന്നും അപ്പോൾ തന്നെ ഇടിച്ച കാറെത്തി നിവേദിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നവെന്നും സീന പറയുന്നു.സീനയുടെ വെളിപ്പെടുത്തൽ കേസന്വേഷണത്തിന് ഏറെ ഗുണം ചെയ്യുമെന്ന കരുതലിലാണ് മേപ്പയ്യൂർ പോലീസ്. ഇപ്പോൾ തന്നെ കാർ സർവീസ് സെന്റർ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമെല്ലാം പോലീസ് അ്ന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉടൻ പ്രതികളെ പിടികൂടാനാവുമെന്ന കണക്ക് കൂട്ടലിലാണ് പോലീസുമുള്ളത്.