നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, സിനിമ- സീരിയല്‍ താരം ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍  നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.

മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് ഒരു മരത്തില്‍ തട്ടിനിന്നു. കാറിനുള്ളില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റില്ല.

കാറില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഏറെ ബുദ്ധിമുട്ടി കൊക്കയില്‍ നിന്ന് റോഡിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി തിരികെ പോകുന്നതിനായി ജീപ്പും സംഘടിപ്പിച്ചു നല്‍കി.