എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാതൃ-ശിശു ഹോസ്പിറ്റലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി ഹോസ്പിറ്റൽ. എസ്.എ.ടി. ആശുപത്രി നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു കുട്ടികള്‍ക്ക് തീവ്ര പരിചരണത്തിന് കിടക്ക മതിയാകാതെ വരുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. 24 ഐസിയു കിടക്കകളും 8 ഹൈ ഡെപ്പന്റന്‍സി യൂണിറ്റ് കിടക്കകളും ഉള്‍പ്പെടെ ആകെ 32 ഐസിയു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് സംസ്ഥാന സർക്കാർ ഈ ഐസിയു സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാന്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനം തീവ്രപരിചരണ വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. പീഡിയാട്രിക് ഐസിയുവില്‍ മുമ്പ് ഉണ്ടായിരുന്ന 18 കിടക്കകൾ 50 ആയി ഉയർത്തിയതോടെ വളരെ മികച്ച ചികിത്സ കുഞ്ഞുങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും. എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു.