അഞ്ച് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് ഇരുപത്തി അഞ്ച് വർഷം കഠിന തടവും,ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ആസാം സ്വദേശിയായ അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പ (35)നെ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ഇരുപത്തി അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ തുക ഇരയായ കുട്ടിക്ക് നൽകണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.        2017 ഏപ്രിൽ എട്ടിന് ഉച്ചയക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടി കരഞ്ഞ് കൊണ്ട് അമ്മയോട് വിവരം പറഞ്ഞു. കുട്ടിയെ പരിശോധിച്ചപ്പോൾ പീഡനം നടന്നതായി അമ്മയ്ക്ക് മനസ്സിലായി.അന്നേ ദിവസം തന്നെ വലിയതുറ പൊലീസിൽ ഇവർ പരാതി നൽകി.   ആസാമിൽ നിന്ന് നിർമ്മാണ തൊഴിലിനാണ് കുടുംബം വലിയതുറയിൽ താമസത്തിനെത്തിയത്.    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എ.എൽ.കൃഷ്ണപ്രിയ ഹാജരായി.പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകൾ ഹാജരാക്കി.പ്രതി റിമാൻഡിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി. മനോജ് കുമാർ, വി.ജയപ്രകാശ് എന്നിവരാണ് കേസ് അന്വെഷിച്ചത്.